ഇതാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; പാർക്ക് ചെയ്ത കാറിന്റെ ബോണറ്റിൽ സ്വർണം വെച്ച് യുവതി

ദുബൈ: എത്രത്തോളം സുരക്ഷിതമാണ് ദുബൈ നഗരമെന്ന് പരിശോധിക്കാൻ ഒരു സോഷ്യൽ മീഡിയ താരം തയ്യാറാക്കിയ പ്രാങ്ക് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ലൈല അഫ്‍ഷോൻകർ എന്ന യുവതിയാണ് പാർക്ക് ചെയ്ത കാറിന്റെ ബോണറ്റിൽ സ്വർണാഭരണങ്ങൾ വെച്ച് രഹസ്യമായി ആളുകളെ നിരീക്ഷിച്ചത്. അര മണിക്കൂറിലധികം സമയം ആഭരണങ്ങൾ ഇങ്ങനെ എല്ലാവർക്കും കാണുന്നതു പോലെ വെച്ചിരുന്നു. പാർക്ക് ചെയ്തിരുന്ന ഒരു നീല ബിഎംഡബ്ല്യൂ കാറിന്റെ ബോണറ്റിന് മുകളിൽ ഒരു നെക്ലേസും കമ്മലുകളുമാണ് യുവതി വെച്ചത്. ശേഷം അടുത്തുള്ള ഒരു കടയുടെ അകത്ത് കയറിയിരുന്ന് യുവതി ആളുകളെ നിരീക്ഷിച്ചു. പരിസരത്ത് കൂടി പോകുന്നവർ സ്വർണം കണ്ടാൽ എന്ത് ചെയ്യുമെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സമീപത്തു കൂടി പോയ ഒരാളും സ്വർണാഭരണങ്ങൾ തൊടാനോ ശ്രദ്ധിക്കാനോ നിന്നില്ല. ഒരുവേള സ്വർണം നിലത്ത് വീണ് കിടക്കുന്നത് കണ്ട ഒരു സ്ത്രീ അത് അവിടെ നിന്ന് എടുത്ത് കാറിന്റെ ബോണറ്റിൽ തന്നെ വെച്ചിട്ട് പോകുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമാണിതെന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോ അവസാനിപ്പിക്കുന്നത്. ഏതാനും ദിവസം മുമ്പ് അപ്‍ലോഡ് ചെയ്ത് വീഡിയോ 20 ദശലക്ഷത്തിലധികം പേരാണ് ഇതിനോടകംകണ്ടത്. 11 ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു. വലിയ ചർച്ചകളും സോഷ്യൽ മീഡിയയിൽ ഇതേച്ചൊല്ലി തുടക്കം കുറിക്കപ്പെടുകയും ചെയ്തു. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് ചിലർ പരിഹരിക്കുമ്പോൾ അങ്ങനെയെല്ല കാര്യങ്ങളെന്നും കർശനമായ നിയമവും അത് നടപ്പാക്കുന്നതിലുള്ള കണിശതയുമാണ് ദുബൈയിലെ ഈ സുരക്ഷിതത്വത്തിന് പിന്നിലെന്നും പലരും അഭിപ്രായപ്പെടുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ആളുകൾക്ക് ഭയമാണെന്നും, എന്ത് ചെയ്താലും പിടിക്കപ്പെടുമെന്നും കർശന നിയമനടപടികൾക്കും ശിക്ഷയ്ക്കും വിധേയമാവുകയും ചെയ്യേണ്ടി വരുമെന്ന പേടി കാരണം നിയമം പാലിക്കുമെന്നും ആളുകൾ പറയുന്നു. ലാപ്‍ടോപ്പും, പാസ്പോർട്ടും പണവും അടങ്ങിയ തന്റെ ബാഗ് മറന്നുവെച്ച അനുഭവവും മറ്റൊരാൾ വിവരിക്കുന്നുണ്ട്. രണ്ട് മണിക്കൂറിന് ശേഷം തിരിച്ചെത്തി നോക്കിയപ്പോഴും ആരും തൊടാതെ അതേ സ്ഥലത്ത് തന്നെ അത് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം വിവരിക്കുന്നത്.

View this post on Instagram A post shared by Leyla Afshonkar (@leylafshonkar