ഇയാൾ മനുഷ്യനല്ല, പിശാച്’; ബലാത്സംഗക്കേസിൽ ‘ഇരയുടെ പ്രസ്താവന’ വായിക്കവെ ബോധം കെട്ടുവീണ് അതിജീവിത

തന്നെ ബലാത്സംഗം ചെയ്തയാൾക്ക് ശിക്ഷ വിധിക്കുന്നതിനിടെ യുവതി ബോധം കെട്ടുവീണു. തന്റെ പ്രസ്താവന വായിച്ച് കേൾക്കവെയാണ് യുവതിയുടെ ബോധം മറഞ്ഞത്. ന്യൂയോർക്കിലെ ഒരു കോടതിയിലാണ് സംഭവം നടന്നത്. കുടിയേറ്റക്കാരിയായ യുവതിക്ക് ഒരു കെട്ടിടം സൂപ്രണ്ടിൽ നിന്നും വർഷങ്ങളോളം പീഡനത്തിനിരയാകേണ്ടി വരികയായിരുന്നു. ഇയാളെ പിന്നീട് 22 വർഷത്തെ തടവിന് ശിക്ഷിച്ചു. മാൻഹട്ടൻ സുപ്രീം കോടതിയിൽ ശിക്ഷ വിധിക്കുന്നതിനിടെയാണ് വിക്ടിം സ്റ്റേറ്റ്മെന്റ് വായിച്ചു കേൾക്കുന്നതിനിടെ യുവതിയുടെ ബോധം മറഞ്ഞത്. പരാഗ്വേയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരിയായ സ്ത്രീയെ 62 -കാരനായ ജോസ് എസ്പിനോസ ബ്ലാക്ക് മെയിൽ ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. “ഇയാൾ കാരണം, ഞാനൊരു സാധാരണ ജീവിതം ജീവിക്കാനാവാതെ പാടുപെടുകയാണ്” എന്നാണ് മാൻഹട്ടൻ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി ജോനാഥൻ ജൂനിഗ് വായിച്ച പ്രസ്താവനയിൽ അവർ പറയുന്നത്. ഈ പ്രസ്താവന വായിച്ച് കേട്ടതിന് പിന്നാലെ കോടതിയിൽ വച്ച് ഇവരുടെ ബോധം മറഞ്ഞു വീഴുകയായിരുന്നു. ആളുകൾ അവരെ സഹായിക്കാനായി ഓടിയെത്തി. 10 മിനിറ്റിന് ശേഷം ബോധം പൂർണമായും വന്നപ്പോഴും കോടതിയിൽ ആദ്യവരിയിൽ ഇരുന്നുകൊണ്ട് മുഴുവൻ സ്റ്റേറ്റ്മെന്റും അവർ വായിച്ച് കേട്ടു. ‘ഒരു കാരണവുമില്ലാതെയാണ് വർഷങ്ങളോളം ഞാൻ നരകയാതന അനുഭവിച്ചത്. അവൻ എന്റെ ജീവിതവും എന്റെ നിരപരാധികളായ കുടുംബത്തെയും നശിപ്പിച്ചു. ബലാത്സംഗത്തിന് ശിക്ഷ വിധിക്കുമ്പോൾ ഒരു ദയയും കാണിക്കരുത്’ എന്ന് യുവതി ജഡ്ജിക്ക് എഴുതിയ കത്തിൽ പറയുന്നു. ഡിസംബറിൽ എസ്പിനോസയ്ക്കെതിരെ ബലാത്സംഗം, ലേബർ ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2017 -ലാണ് ഇയാൾ യുവതിയെ കണ്ടുമുട്ടുന്നത്. പിന്നാലെ സൂപ്രണ്ടായി ജോലി ചെയ്തിരുന്ന കെട്ടിടത്തിൽ യുവതിയെ ചൂഷണം ചെയ്യുകയും ജോലി ചെയ്യിക്കുകയും ചെയ്തു. പിന്നീട്, അവരെ മുഴുവനായും സ്വന്തം നിയന്ത്രണത്തിലാക്കി. ഭാര്യയും മകളും താമസിക്കുന്ന അതേ കെട്ടിടത്തിൽ താമസിപ്പിച്ചും ചൂഷണം ചെയ്തു. അവരുടെ പാസ്പോർട്ടടക്കം രേഖകൾ എടുത്തുവെച്ചു. എവിടെപ്പോകുമ്പോഴും അവരെ പിന്തുടർന്നു. ഒരു ഘട്ടത്തിൽ സ്ത്രീയുടെ ഭിന്നശേഷിക്കാരിയായ കുട്ടിയുടെ നഗ്നചിത്രങ്ങൾ വേണമെന്ന് പറഞ്ഞും അവരെ ഭീഷണിപ്പെടുത്തി. ഒടുവിൽ വർഷങ്ങൾക്ക് ശേഷം ബ്രെസ്റ്റ് കാൻസർ വന്നപ്പോൾ പരിശോധനയ്ക്കിടെയാണ് യുവതി ബെല്ലെവ്യൂ ആശുപത്രിയിലെ സാമൂഹിക പ്രവർത്തകയോട് തന്റെ അനുഭവം വെളിപ്പെടുത്തിയത്. 2023 -ൽ ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടു. ‘ഇയാളൊരു പിശാചാണ്, മനുഷ്യനേയല്ല. അയാളാൽ വിഡ്ഢിയാക്കപ്പെടരുത്. പരമാവധി ശിക്ഷ കൊടുക്കണം. അയാൾ ഒരിക്കലും മാറാൻ പോകുന്നില്ല’ എന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.
