സമൂഹ മാധ്യമങ്ങളിൽ മോശം കമന്റ് എഴുതുന്നവരെ റൂമിൽ പൂട്ടണം’, ക്രിസ് വേണുഗോപാൽ

സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ ഇടുന്നത് ഒരു തരം രോഗമാണെന്നും അത്തരക്കാരെ റൂമിൽ അടച്ചിടമെന്നും ടെലിവിഷൻ താരവും എഴുത്തുകാരനുമായ ക്രിസ് വേണുഗോപാൽ. ഓൺലൈൻ മാധ്യമത്തോടായിരുന്നു പ്രതികരണം. ഒരു സ്കൂളിലെ വാർഷികാഘോഷത്തിൽ വിശിഷ്ടാതിഥികളായി എത്തിയതായിരുന്നു ക്രിസും ഭാര്യ ദിവ്യ ശ്രീധറും. ”ഇതെല്ലാം ഒരു തരം രോഗമാണ്. ഒന്നുകിൽ അവർക്ക് ചികിൽസ കൊടുക്കാൻ അവരുടെ വീട്ടുകാർ മുൻകൈയെടുക്കണം. അല്ലെങ്കിൽ, അവരെ കൈ കെട്ടിയിടുകയോ, ഫോൺ വാങ്ങിവെച്ച് മുറിക്കുള്ളിൽ പൂട്ടിയിടുകയോ ചെയ്യണം, അതുമല്ലെങ്കിൽ ഇന്റർനെറ്റ് കട്ട് ചെയ്യണം. അല്ലാതെ അവരുടെ രോഗം മാറാൻ പോകുന്നില്ല. ഏതു പെണ്ണിനെ കണ്ടാലും എന്തും പറയാം എന്നുള്ള ഈ അഹങ്കാരം മാറണം”, ക്രിസ് വേണുഗോപാൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിവാഹമായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും. ഗുരുവായൂരിൽ വെച്ചാണ് ഇവർ വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെ, നവമാധ്യമങ്ങളിലൂടെ ചിലർ ഇവരെ അഭിനന്ദിച്ചും ചിലർ പരിഹസിച്ചും രംഗത്തെത്തിയിരുന്നു. വിവാഹം കഴിഞ്ഞ സമയത്ത് ഒരുപാട് ഹേറ്റ് കമന്റുകൾ തങ്ങൾക്കു നേരെ ഉയർന്നിട്ടുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇരുവരും പറയുകയും ചെയ്തിരുന്നു. ഈ കെളവന് എന്തിന്റെ അസുഖമാണ്, ഇത്രയും സൗന്ദര്യമുള്ള കൊച്ചുകുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ എന്നു വരെ ചിലർ കമന്റ് ചെയ്തെന്നും ഇനി ഇന്ത്യയിലൊരു ഗ്രാമമോ ജില്ലയോ തങ്ങളെ അറിയാത്തവരായി ഇല്ലെന്നും, അത്രയും ഫെയ്മസായതിൽ നന്ദിയുണ്ടെന്നുമാണ് ക്രിസ് പറഞ്ഞത്. നടിയെന്നതിനു പുറമേ, റേഡിയോ അവതാരകൻ, വോയ്‌സ് ആർടിസ്റ്റ്, എഞ്ചിനീയർ തുടങ്ങിയ മേഖലകളിലും ക്രിസ് വേണുഗോപാൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്‍ത് മിനി സ്‌ക്രീനിൽ തന്റെ കഴിവു തെളിയിച്ച അഭിനേത്രിയാണ് ദിവ്യ ശ്രീധർ.
