വണ്ടിപെരിയാർ ഗ്രാമ്പിയിൽ വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു

കുമളി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വനമേഖലയിൽനിന്ന് ഇറങ്ങിയ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചു. കടുവയുടെ ആക്രമണത്തിൽ രണ്ട് പശുവിനും വളർത്തുനായയ്ക്കും പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. ഗ്രാമ്പി എസ്റ്റേറ്റിൽ താമസിക്കുന്ന മണികണ്ഠൻ, യേശയ്യ എന്നിവരുടെ വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. തേയിലത്തോട്ടത്തിൽ മേയാൻ വിട്ട വളർത്തുമൃഗങ്ങായിരുന്നു ഇവ.ഗ്രാമ്പി എൽ.പി സ്കൂളിന് നൂറ് മീറ്റർ അരികിൽ കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. സ്കൂളിനു സമീപത്തുണ്ടായിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ചത്. ശബ്ദം കേട്ട് നാട്ടുകാരും അധ്യാപകരും ബഹളമുണ്ടാക്കിയതോടെ കടുവ കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് എരുമേലി റേഞ്ചിലെ മുറിഞ്ഞപുഴ സെക്ഷനിലുള്ള വനപാലക സംഘം സ്ഥലത്തെത്തി നിരീക്ഷണം നടത്തി. ദിവസങ്ങൾക്ക് മുമ്പാണ് ഇതേ ഭാഗത്തെ തേയിലത്തോട്ടത്തിൽ കടുവയെ നാട്ടുകാർ കണ്ടത്.
