KeralaSpot light

ഗാന്ധിജിയുടെ വടകര സന്ദര്‍ശനത്തിനു ഇന്ന് 91 വയസ്

`നിന്റെ ത്യാഗം നീ ഉപേക്ഷിച്ച ആഭരണങ്ങളേക്കാള്‍ സത്യസന്ധമാണ്’- ഗാന്ധിജിയുടെ വടകര സന്ദര്‍ശനത്തിനിടെ കൗമുദിയുടെ ഓട്ടോഗ്രാഫില്‍ ഗാന്ധിജി കുറിച്ച വാക്കുകളാണിവ.ചരിത്രത്തില്‍ മായാതെകിടക്കുന്ന ഗാന്ധിജിയുടെ വരികള്‍ക്കും ഗാന്ധിജിയുടെ വടകര സന്ദര്‍ശനത്തിനും ശനിയാഴ്ച 91 വയസ്സ് പൂര്‍ത്തിയാകും. ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കാൻ 1934 ജനുവരി 13നാണ് ഗാന്ധിജി വടകരയില്‍ സന്ദര്‍ശനം നടത്തിയത്.

കോട്ടപ്പറമ്പിലായിരുന്നു വരവേല്‍പ്. മാഹിയിലെ പുത്തലത്തായിരുന്നു ആദ്യ സന്ദര്‍ശനം. അയിത്തോച്ഛാടനത്തിന്റ ഭാഗമായി ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് ഗാന്ധിജി വടകരയിലെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കുന്നതിനിടെ വടകരയിലെത്തിയ ഗാന്ധിജിക്ക് 16കാരിയായ കൗമുദിയും മാണിക്യവും ആഭരണങ്ങള്‍ നല്‍കിയത് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. ഗാന്ധിജി തന്റെ പ്രസംഗത്തിന് ശേഷം സമ്മാനങ്ങള്‍ നല്‍കാൻ ആവശ്യപ്പെട്ടപ്പോള്‍ കോട്ടപ്പറമ്പില്‍ ചക്കര വില്‍ക്കാനെത്തിയ ഇരിങ്ങല്‍ പെരിങ്ങാട്ട് കോവുമ്മല്‍ വേട്ടുവൻകണ്ടി മാണിക്കം കാതിലെ കൊരണ്ടാണ് അഴിച്ചു നല്‍കിയത്.

ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്ന ഗാന്ധിജിക്കുനേരെ കൗമുദി നീട്ടിനല്‍കിയത് വളകളും സ്വര്‍ണ നെക്ലേസുമായിരുന്നു. ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ദിനം കൂടിയായിരുന്നു അത്. 1934 ജനുവരി 19ന് പുറത്തിറങ്ങിയ ‘ഹരിജനി’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഗാന്ധിജി കൗമുദിയുടെ ധീരകൃത്യത്തെ കുറിച്ച്‌ എഴുതി. സ്നേഹവും ദയയും പ്രവഹിക്കുന്ന ഗാന്ധിജിയുടെ വാക്കുകള്‍ ശ്രവിക്കാൻ നൂറുകണക്കിന് പേരായിരുന്നു കോട്ടപ്പറമ്പില്‍ തടിച്ചുകൂടിയത്. കേരളത്തില്‍ അഞ്ചു തവണയാണ് ഗാന്ധിജി സന്ദര്‍ശനം നടത്തിയത്. നാലാമത്തെ സന്ദര്‍ശനമായിരുന്നു വടകരയിലേത്.“`

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button