മൂന്നാറിൽ വിനോദയാത്രക്കെത്തി മടങ്ങവേ കാർ കൊക്കയിലേക്ക് മറിഞ്ഞു, വീണത് കിണറിന് തൊട്ടടുത്ത്; 5 പേർക്ക് പരിക്ക്
മൂന്നാർ: ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. ബോഡിമെട്ട് – പൂപ്പാറ റോഡിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നെ പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. മൂന്നാർ സന്ദർശന ശേഷം മടങ്ങവെയാണ് അപകടം. മൂന്നാറിൽ നിന്നും മടങ്ങവേ കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. നിറയെ വെള്ളമുള്ള ഒരു കിണറിന് തൊട്ടുത്തേക്കാണ് യുപി രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ ട്വന്‍റി കാർ മറിഞ്ഞത്. കിണറ്റിലേക്ക് വീണിരുന്നെങ്കിൽ ആളപമായമുണ്ടാകാൻ സാധ്യതയുണ്ടായേനേ. കാർ വീണതിന് തൊട്ടു താഴേക്ക് വലിയ താഴ്ചയാണ്. അൽപ്പം നീങ്ങിയിരുന്നെങ്കിൽ കൂടുതൽ താഴ്ചയിലേക്ക് കാർ മറിഞ്ഞേനെയെന്ന് നാട്ടുകാർ പറഞ്ഞു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.