കോട്ടയ്ക്ക് സമീപം വയലിൽ നിധി, കുഴിക്കുന്നത് 7 മണി മുതൽ പുലർച്ചെ 3 മണി വരെ; ‘ഛാവ’ കണ്ട് ‘സ്വർണ്ണവേട്ട’

വിക്കി കൗശൽ നായകനായ ‘ഛാവ’ എന്ന ചിത്രം പുറത്തിറങ്ങിയത് ഫെബ്രുവരി 14 -നാണ്. മറാത്ത സാമ്രാജ്യത്തിൻ്റെ രണ്ടാമത്തെ ഭരണാധികാരിയായ സംഭാജി മഹാരാജിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയ്ക്ക് വലിയ പ്രചാരം കിട്ടി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മധ്യപ്രദേശിലെ ബുർഹാൻപൂരിലെ ഗ്രാമീണർ മുഗൾ കാലഘട്ടത്തിൽ കുഴിച്ചിട്ടു എന്ന് കരുതപ്പെടുന്ന സ്വർണ്ണം കുഴിച്ചെടുക്കാനുള്ള ശ്രമത്തിലാണത്രെ ഇപ്പോൾ. അസിർഗഡ് കോട്ടയ്ക്ക് സമീപത്താണ് പ്രദേശവാസികൾ സ്വർണത്തിന് വേണ്ടി കുഴിച്ച് നോക്കുന്നത്. സിനിമ ഇറങ്ങിയതിന് പിന്നാലെ, ഇവിടെ സ്വർണം കുഴിച്ചിട്ടിട്ടുണ്ട് എന്ന് തന്നെ പ്രദേശവാസികൾ ഉറച്ച് വിശ്വസിക്കുകയാണത്രെ. പിന്നാലെ, രാത്രികളിൽ അവർ സ്വർണത്തിന് വേണ്ടി കുഴിച്ച് നോക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. മിക്കവാറും പാത്രിരാത്രി വരേയും ഇവർ കുഴിച്ച് നോക്കുന്നുണ്ട്. ചിലർ ഒരുപടി കൂടി കടന്ന് മെറ്റൽ ഡിറ്റക്ടറുമായി എത്തിയാണ് മണ്ണിനടിയിൽ സ്വർണം ഉണ്ടോ എന്ന് പരിശോധിക്കുന്നത്. ഇതിന്റെ ചില വീഡിയോകളും പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. റിപ്പോർട്ടുകൾ പ്രകാരം വൈകുന്നേരം ഏഴ് മുതൽ പുലർച്ചെ മൂന്ന് വരെ സ്വർണത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടർന്നു. ഒടുവിൽ, പൊലീസ് എത്തിയാണ് തിരച്ചിൽ നിർത്താൻ ആവശ്യപ്പെട്ടത്. കാഷിഫ് കാക്വി എന്ന ജേണലിസ്റ്റും സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തു. ടോർച്ചുകളുമായി എത്തിയ ഗ്രാമീണർ വയലിൽ കുഴിക്കുകയും തിരയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ബോളിവുഡ് സിനിമയായ ഛാവ കണ്ടതിനു പിന്നാലെ, ബുർഹാൻപൂരിലെ അസിർഗഡ് കോട്ടയ്ക്ക് സമീപമുള്ള ഗ്രാമവാസികൾ നിധി വേട്ട ആരംഭിച്ചിരിക്കയാണ്. മുഗൾ കാലഘട്ടത്തിലെ നിധിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെ അവർ ടോർച്ചുകളും മെറ്റൽ ഡിറ്റക്ടറുകളും ഉപയോഗിച്ച് വയലുകളിൽ കുഴിക്കുന്നു. പൊലീസ് എത്തിയപ്പോൾ സ്വർണ്ണം കുഴിക്കുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് കാഷിഫ് കുറിച്ചിരിക്കുന്നത്.
