നികുതി ചുമത്താതെ ട്രംപ്, കുതിച്ച് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സ് 1,397 പോയിൻ്റ് ഉയർന്നു

മുംബൈ: നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി. ഒരു മാസത്തെ ഉയർന്ന നിലവാരത്തിലാണ് സൂചികകൾ. സെൻസെക്സ് 1,397 പോയിൻ്റ് അഥവാ 1.8 ശതമാനം ഉയർന്ന് 78,583 ലും നിഫ്റ്റി 378 പോയിൻ്റ് അഥവാ 1.6 ശതമാനം ഉയർന്ന് 23,739 ലും എത്തി. ഏകദേശം 2,426 ഓഹരികൾ മുന്നേറി, 1,349 ഓഹരികൾ ഇടിഞ്ഞു, 144 ഓഹരികൾക്ക് മാറ്റമില്ല. ട്രംപിന്റെ താരിഫ് നയങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. കാനഡയ്ക്കും മെക്സിക്കോയ്ക്കുമുള്ള നികുതി ചുമതല ട്രംപ് ഒരു മാസത്തേക്ക് നീട്ടിവെച്ചപ്പോൾ മുതൽ സൂചികകൾ ഉയർന്നു തുടങ്ങി. വർദ്ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കങ്ങളിൽ നിന്ന് താൽക്കാലിക ആശ്വാസം ആണ് ഇന്നത്തെ നേട്ടം. ഫെബ്രുവരി 1 നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയിലും മെക്സിക്കോയിലും 25 ശതമാനം താരിഫ് ചുമത്തിയത്. അനധികൃത കുടിയേറ്റവും മയക്കുമരുന്ന് വ്യാപാരവും ന്യായീകരണമായി ചൂണ്ടിക്കാട്ടി ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം നികുതിയും ചുമത്തിയിട്ടുണ്ട്. എന്നാൽ ഫെബ്രുവരി 3-ഓടെ അദ്ദേഹം തൻ്റെ നിലപാട് മാറ്റുകയും നികുതി ഏർപ്പെടുത്താൻ ഒരുമാസത്തെ ഇടവേള എടുക്കുകയും ചെയ്തു. എന്നാൽ ചൈനയ്ക്ക് എതിരെ നികുതി ചുമത്തുന്നതിൽ നിന്നും അമേരിക്ക പിൻവാങ്ങിയിട്ടില്ല. അതേസമയം, അമേരിക്കന്‍ നടപടിക്കെതിരെ ശക്തമായ മറുപടിയുമായി ചൈന രംഗത്തെത്തി. ഗൂഗിളിന്റെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ചൈന നിരവധി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനും തീരുമാനിച്ചു. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, എല്‍ എന്‍ ജി എന്നിവയ്ക്ക് 15% തീരുവയും, അസംസ്കൃത എണ്ണ, കാര്‍ഷിക അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്ക് 10% തീരുവയും ചൈന ഏര്‍പ്പെടുത്തി. കാനഡ മെക്സിക്കോ എന്നിവയ്ക്ക് എതിരായി തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ച ട്രംപ് ഭരണകൂടം പക്ഷേ ചൈനയ്ക്കെതിരായ തീരുവ ചുമത്തലില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
