കാറിന് മേൽ ട്രക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

ബംഗളൂരു: ചരക്ക് കയറ്റിവന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് കാർ യാത്രികരായ രണ്ടുപേർ ചതഞ്ഞുമരിച്ചു. ബാഗൽകോട്ട് സിമികേരി ബൈപാസ് റോഡിൽ ശനിയാഴ്ചയാണ് അപകടം. ബാഗൽകോട്ട് കെസനുർ സ്വദേശി രമേശ് ഹുഗർ (45), ഗദ്ദൻകേരി സ്വദേശി അക്ബർ നബി സാബ് എന്നിവരാണ് മരിച്ചത്.അപകടത്തിൽ കാർ പൂർണമായും തകർന്നു. പൊലീസും അഗ്നി രക്ഷാ സേനയും ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് കാറിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. സിമികേരിയിൽനിന്ന് ഹുബ്ബള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ. മധ്യപ്രേദേശിലേക്ക് ചരക്കുമായി പോവുകയായിരുനു ലോറി. സാമാന്യം വേഗത്തിൽ വരുകയായിരുന്ന ലോറി മുന്നിലുള്ള ബൈക്കിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചപ്പോൾ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കുണ്ട്. ഇയാളെ ബാഗൽകോട്ട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
