NationalSpot light

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റില്‍


തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്

ഛത്തീസ്ഗഡ്: മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്തു. തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍

ഛത്തീസ്ഗഡിലെ ജഗ്ദൽപൂർ രൂപതയിലെ നാരായൺപൂരിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെയും ഒരു മുതിർന്ന ആദിവാസി ആൺകുട്ടിയുടെയും കൂടെ ഉത്തർപ്രദേശിലെ ആഗ്രയിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. 19 മുതല്‍ 22 വയസ്സുള്ളവരാണ് കന്യാസ്ത്രീകളുടെ കൂടെ ഉണ്ടായിരുന്നത്. യാത്രാമധ്യേ റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ് ദൾ പ്രവര്‍ത്തകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ഇവരെ തടയുകയായിരുന്നു.

കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞത്. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോകാൻ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു

എന്നാല്‍ ഇതൊന്നും അംഗീകരിക്കാതെ ബജ്‌റംഗ് ദൾ പ്രവർത്തകരും പൊലീസുകാരും അവരെ യാത്ര തുടരാൻ അനുവദിച്ചില്ല. റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരു കന്യാസ്ത്രീകളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button