ലോഡ്ജിൽ വച്ച് രണ്ട് പേരെ മർദിച്ചു, 42 ലക്ഷം രൂപയുടെ വാക്സ് ഗോൾഡ് കവർന്നു; ഒരു പ്രതി കൂടി പിടിയിൽ
തൃശൂർ : 42 ലക്ഷത്തിലധികം വിലവരുന്ന വാക്സ് ഗോൾഡ് കവർച്ച കേസിലെ മറ്റൊരു പ്രതിയും സഹായിയും അറസ്റ്റിൽ. തൃശൂരിൽ ലോഡ്ജിൽ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ താനൂർ എളാറം കടപ്പുറം സ്വദേശിയായ കോലിക്കലകത്ത് വീട്ടിൽ ഇസഹാക്ക് (32) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻ്സെപ്കടർ ജനറൽ ഹരി ശങ്കറിൻെറ നിർദ്ദേശപ്രകാരം തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എ സിൻറെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും, തൃശൂർ എ സി പി സലീഷ് ശങ്കരൻറെ നേത്വത്തിലുള്ള അന്വേഷണ സംഘവും ഈസ്റ്റ് പോലീസും ചേർന്നാണ് അതിസാഹസികമായി അറസ്റ്റുചെയ്തത്. പ്രതിയെ ഒളിച്ചുതാമസിപ്പിക്കാൻ സഹായിച്ച ആലത്തൂർ എരുമയൂർ സ്വദേശിയായ സജ്ന നിവാസിൽ അക്ബർ അലി (56) എന്നയാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.. ഈ കേസിലെ 11 ഓളം പ്രതികളെ മുൻ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ മറ്റു പ്രതികളെ പിടികൂടാനായുള്ള ഊർജ്ജിത പരിശോധനയിൽ അന്വേഷണ സംഘം പാലക്കാട് ആലത്തൂരിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പോലീസുദ്യോഗസ്ഥരെ കണ്ട പ്രതികൾ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുകയും പിൻതുടർന്ന പോലീസുദ്യോഗസ്ഥർ പിന്നീടു നടന്ന ബലപ്രയോഗത്തിനു ശേഷം അതിസാഹസികമായി പ്രതിയേയും കൂട്ടാളിയേയും പിടികൂടുകയുമായിരുന്നു. പ്രതിയായ ഇസഹാക്കിന് താനൂർ, വേങ്ങര, കൊണ്ടോട്ടി, കോട്ടക്കൽ, കരിപ്പൂർ, പയ്യോളി, തിരൂർ എന്നീ സ്റ്റേഷനുകളിലായി 22 ഓളം കേസുകൾ നിലവിലുണ്ട്.