ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു, പ്രവാസികളടക്കം ആറു പേർക്ക് പരിക്ക്

മനാമ : ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുഹറഖ് ഗവർണറേറ്റിലെ അറാദിലാണ് സംഭവം. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സക്കായി കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ രണ്ടു പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. read more: ബഹ്റൈനിൽ കടൽ വഴി വൻ ലഹരിമരുന്ന് വേട്ട, പിടിച്ചെടുത്തത് 2400 കിലോ ലഹരി വസ്തുക്കൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ടു പേരെ കണ്ടെത്തിയതെന്ന് പൊതു സുരക്ഷ വിഭാഗം ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. കെട്ടിട ഉടമയെ കൂടുതൽ നിയമനടപടികൾക്കായി വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു. കെട്ടിടത്തിൽ ഒരു സലൂണും പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൂടാതെ, മുകൾ നിലയിൽ താമസക്കാരുണ്ടായിരുന്നതായും പ്രദേശവാസികൾ പറഞ്ഞു.
