Sports

അവിശ്വസനീയം, തിലകിന്‍റെ ഒറ്റയാള്‍ പോരാട്ടം! ബിഷ്‌ണോയിയുടെ പിന്തുണ! രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിനെ തുരത്തി ഇന്ത്യ

ചെന്നൈ:ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ 166 റണ്‍സ് വിജയക്ഷ്യം പിന്തുടരുന്ന ഇന്ത്യ 19.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മയുടെ (55 പന്തില്‍ പുറത്താവാതെ 72) ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് തകര്‍ത്തത്. 9 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. 30 പന്തില്‍ 45 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.  മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ അഭിഷേക് ശര്‍മയുടെ (12) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മൂന്ന് ഫോറടിച്ച് താരം ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും മാര്‍ക്ക് വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാം ഓവറില്‍ സഞ്ജു സാംസണും (5) മടങ്ങി. ജോഫ്ര ആര്‍ച്ചറുടെ പേസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു താരം. പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ എഡ്ജായ പന്ത് ഡീപ് സ്‌ക്വയറില്‍ ബ്രൈഡണ്‍ കാര്‍സെ കയ്യിലൊതുക്കി. ഇതോടെ രണ്ടിന് 19 എന്ന നിലയിലായി ഇന്ത്യ.  പിന്നാലെ തിലക് – സൂര്യകുമാര്‍ യാദവ് സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ കാര്‍സെയുടെ പന്തില്‍ സൂര്യ (12) ബൗള്‍ഡായി. തുടര്‍ന്നെത്തിയ ധ്രുവ് ജുറല്‍ (4), ഹാര്‍ദിക് പാണ്ഡ്യ (7) എന്നിവര്‍ക്ക് തിളങ്ങാനായില്ല. പിന്നീട് തിലക് – വാഷിംഗ്ടണ്‍ സുന്ദര്‍ (26) സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വാഷിംഗ്ടണെ പുറത്താക്കി കാര്‍സെ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. അക്‌സര്‍ പട്ടേല്‍ (2), അര്‍ഷ്ദീപ് സിംഗ് (6) എന്നിവര്‍ വന്നത് പോലെ മടങ്ങി. അവസാന രണ്ട് ഓവറില്‍ 13 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ലിയാം ലിവിംഗ്‌സ്റ്റണ്‍ എറിഞ്ഞ 19-ാം ഓവറില്‍ ഏഴ് റണ്‍സ് പിറന്നു. 

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്. ഓവര്‍ടോണിന്റെ ആദ്യ പന്തില്‍ തിലക് രണ്ട് റണ്‍ ഓടിയെടുത്തു. രണ്ടാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് തിലക് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. അഞ്ച് പന്തില്‍ ഒമ്പത് പന്തുമായി പുറത്താവാതെ നിന്ന് രവി ബിഷ്‌ണോയിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഇംഗ്ലണ്ടിന് വേണ്ടി കാര്‍സെ മൂന്ന് വിക്കറ്റ് നേടി. നേരത്തെ, മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ആദ്യ ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ട് (4) മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച്. നാലാം ഓവറില്‍ സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റും (3) പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഹാരി ബ്രൂക്കിനൊപ്പം (13) ചേര്‍ന്ന് ബട്‌ലര്‍ 33 റണ്‍സ് കൂട്ടിചേര്‍ത്തു.  എന്നാല്‍ ബ്രൂക്കിനെ ബൗള്‍ഡാക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ബട്‌ലര്‍ പത്താം ഓവറിലും മടങ്ങി. മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. ലിയാം ലിവിംഗ്സ്റ്റണ്‍ (13) നിരാശപ്പെടുത്തിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 90 എന്ന നിലയിലായി. പിന്നീട് ജാമി സ്മിത്ത് (12 പന്തില്‍ 22) ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് കരുതി. എന്നാല്‍ അഭിഷേക് ശര്‍മയുടെ പന്തില്‍ മടങ്ങേണ്ടി വന്നു. തിലക് വര്‍മയ്ക്ക് ക്യാച്ച്. ഇതിനിടെ ബ്രൈഡണ്‍ കാര്‍സെ (17 പന്തില്‍ 31) നടത്തിയ പോരാട്ടം ഇംഗ്ലണ്ടിന് നേരിയ ആശ്വാസം നല്‍കി. എന്നാല്‍ ജാമി ഓവര്‍ട്ടോണ്‍ (5), കാര്‍സെ എന്നിവര്‍ അടുത്തടുത്ത പന്തുകളില്‍ മടങ്ങിയത് തിരിച്ചടിയായി. ജേഫ്രാ ആര്‍ച്ചര്‍ (പുറത്താവാതെ 12), ആദില്‍ റഷീദ് (10) എന്നിവരുടെ ഇന്നിംഗ്‌സ് സ്‌കോര്‍ 150 കടത്തി. മാര്‍ക്ക് വുഡ് (5) പുറത്താവാതെ നിന്നു.  രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ് എന്നിവര്‍ പുറത്തായി. പകരം വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍ എന്നിവര്‍ ടീമിലെത്തി. ഇംഗ്ലണ്ടും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ഗസ് അറ്റ്കിന്‍സണ് പകരം ബ്രൈഡണ്‍ കാര്‍സെ ടീമിലെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button