KeralaNationalSpot light

കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ രാജിവെക്കണം-ഐ എച്ച് ആര്‍ എം

കൊച്ചി: കേവലം എക്സിക്യൂട്ടീവ് ലെവലില്‍ പരിഹരിക്കാമായിരുന്ന ഛത്തീസ്ഖണ്ഡ്ലെ കന്യാസ്ത്രീമാരുടെ അറസ്റ്റ് എന്‍ഐഎ കോടതി വരെ എത്തിക്കുന്നത് തടയാന്‍ കഴിയാതിരുന്നതില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും ഉത്തരവാദികളാണെന്നും രാജ്യം ഒന്നടങ്കം ഞെട്ടിയ ഈ വിഷയത്തില്‍ ഇതുവരെയും ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന മന്ത്രിമാരായ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും അവര്‍ക്ക് കേരളത്തെ പ്രതിനിധാനം ചെയ്യാന്‍ അവകാശമില്ലെന്നും കന്യാസ്ത്രിമാരുടെ അറസ്റ്റിലും രാജ്യത്ത് നടമാടുന്ന മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റ് വിളിച്ചുചേര്‍ത്ത ബഹുജന പ്രതിഷേധധര്‍ണ്ണ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോടതിയുടെ തീരുമാനം വരട്ടെ എന്നിട്ട് പ്രതികരിക്കാം എന്ന് പറഞ്ഞ ജോര്‍ജ് കുര്യന്‍ കേരളത്തിന് അപമാനമാണെന്നും പ്രമേയം വ്യക്തമാക്കി.ഇന്ത്യ ഇപ്പോള്‍ മഹാത്മാഗാന്ധിയെ വധിച്ച അതേശക്തികളുടെ നിയന്ത്രണത്തിലാണെന്നും അവര്‍തന്നെയാണ് മതന്യൂനപക്ഷങ്ങളുടെ ഉന്മൂലന അജണ്ട നടപ്പാക്കുന്നതെന്നും കുറഞ്ഞപക്ഷം ദക്ഷിണേന്ത്യയിലെങ്കിലും എല്ലാ ന്യൂനപക്ഷങ്ങളും, ദലിതരും, മതേതര ചിന്താഗതിക്കാരായ പൗരന്മാരും ഒത്തുചേര്‍ന്നാല്‍ ഈ അക്രമാസക്തമായ ഹിന്ദുത്വ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത പ്രമുഖ ചിന്തകന്‍ കെ.പി ശങ്കരന്‍ പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 2.4% മാത്രമുള്ള ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ഭയപ്പെടുത്താനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് നിസ്സഹായരായ കത്തോലിക്കാ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഐ എച്ച് ആര്‍ എം പ്രസിഡന്‍റ് ഫെലിക്സ് ജെ പുല്ലൂടന്‍ അധ്യക്ഷം വഹിച്ച പരിപാടിയില്‍ ജസ്യൂട്ട് സഭാ സുപ്പീരിയര്‍ ഫാ. ബിനോയ് പിച്ചളക്കാട്ട്, ഫാ. അഗസ്റ്റിന്‍ വട്ടോളി, ഡോ. ബാബു ജോസഫ്, ബഷീര്‍ ഇടപ്പള്ളി, പ്രഫ. കെ സി എബ്രഹാം, പ്രഫ. എം ഡി ആലീസ്, അഡ്വ. അബ്ദുള്‍ ജലീല്‍, രാജീവ് പാട്രിക്, അഡ്വ. ടോമി മാത്യു, ജിയോ ജോസ്, സി ബി മാഞ്ഞൂര്‍, ഷിബുരാജ് ആലുവ, കബീര്‍ ഹുസൈന്‍, പി എന്‍ സുരേന്ദ്രന്‍, ജോര്‍ജ്ജ് കാട്ടുനിലത്ത്, പ്രഫ. സൂന്‍ ജോണ്‍, പ്രഫ. കെ എം മാത്യു, കെ ഡി മാര്‍ട്ടിന്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, സ്റ്റാന്‍ലി പൗലോസ്, ആന്‍റണി മുക്കത്ത് തുടങ്ങി നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button