ശമ്പളമില്ലാതെ നരകിച്ച് സ്കൂള്‍ അധ്യാപിക ജീവനൊടുക്കി; ഇല്ലാത്ത വേക്കൻസിക്ക് പണം വാങ്ങി രൂപത കബളിപ്പിച്ചെന്ന് കുടുംബം

**
മരശേരി രൂപതക്ക് കീഴില്‍ ആറുവർഷമായി ശമ്പളമില്ലാതെ ജോലിചെയ്ത എയ്ഡഡ് സ്കൂള്‍ അധ്യാപിക ഒടുക്കം ചതിയും വഞ്ചനയുമില്ലാത്ത ലോകത്തേക്ക് യാത്രയായി.
കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എല്‍പി സ്കൂളില്‍ അഞ്ചുവർഷവും, കോടഞ്ചേരി സെൻ്റ് ജോസഫ് എല്‍പി സ്കൂളില്‍ ഒരുവർഷവും ജോലിചെയ്തിട്ടും ചില്ലിക്കാശ് വേതനമായി വാങ്ങാൻ യോഗമില്ലാതെ പോയ അലീന ബെന്നിയാണ് ഇന്നലെ(ബുധൻ) വൈകിട്ടോടെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 29 വയസ് മാത്രമാണ് പ്രായം.
ആറുവർഷം മുൻപ് ജോലിക്കായി 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിന് നല്‍കിയതായി കുടുംബം പറയുന്നു. തുടർന്ന് കട്ടിപ്പാറ സ്കൂളില്‍ ലീവ് വേക്കൻസിയില്‍ ജോലി നല്‍കി. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നു. എന്നാല്‍ സ്ഥിരനിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തുക വാങ്ങിയത്. അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയെ 25 കിലോമീറ്റർ അകലെയുള്ള കോടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം.
ഇതിനിടയില്‍ തനിക്ക് ശമ്പളം വേണ്ടെന്ന് അലീനയോട് മാനേജ്മെൻ്റ് എഴുതിവാങ്ങിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. സ്കൂളിലെ അധ്യാപകർ സ്വന്തം വേതനത്തില്‍ നിന്ന് പിരിവെടുത്ത് അലീനയ്ക്ക് പണം നല്‍കിയിരുന്നതായി വിവരമുണ്ട്. അത്രക്ക് ദുരിതമാണ് അലീന അനുഭവിച്ചിരുന്നത്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക നിയമനത്തിൻ്റെ പേരില്‍ നടക്കുന്ന കടുത്ത ചൂഷണത്തിൻ്റെ നേർചിത്രമാകും അലീനയുടെ ദുരന്തം എന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നേക്കും.
