ഉത്തരാഖണ്ഡ് ഹിമപാതം: 8 മരണം, കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കിട്ടി; 46 പേരെ രക്ഷിച്ചു

ദില്ലി: ഉത്തരാഖണ്ഡ് ഹിമപാതത്തിൽ മരണം എട്ടായി. കാണാതായ അവസാന തൊഴിലാളിയുടെയും മൃതദേഹം വൈകുന്നേരത്തോടെ കണ്ടെത്തി. തെർമൽ ഇമേജ് ക്യാമറകളും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും എത്തിച്ചായിരുന്നു തെരച്ചിൽ. മൂന്നാം ദിവസമാണ് രക്ഷാദൗത്യം അവസാനിപ്പിച്ചത്. കാലാവസ്ഥ അനൂകൂലമായതോടെ കൂടുതൽ രക്ഷാപ്രവർത്തകരെ ഇവിടേക്ക് എത്തിച്ചായിരുന്നു ഇന്ന് തെരച്ചിൽ. മൂന്ന് പേരുടെ മൃതദേഹമാണ് മഞ്ഞിൽ പുതഞ്ഞ നിലയിൽ ഇന്ന് കണ്ടെത്തിയത്. തെർമൽ ഇമേജ് ക്യാമറകൾക്കൊപ്പം തിരംഗ പർവത രക്ഷാ സംഘത്തിലെ 2 ഉദ്യോഗസ്ഥരും ഹിമപാത രക്ഷാദൗത്യത്തിൽ ഉപയോഗിക്കുന്ന കരസേനയുടെ റോബിൻ എന്ന നായയെയും എത്തിച്ചായിരുന്നു തെരച്ചിൽ. കൂടാതെ മാനായിലടക്കം താൽകാലിക ആശുപത്രികളിൽ കഴിയുന്നവരെ ജോഷിമഠിലെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വ്യോമസേനയുടെ ഹെലികോപ്റ്ററും രംഗത്തെത്തി. താമസിച്ചിരുന്ന താൽകാലിക കണ്ടെയിനറുകൾ അടക്കം ഒലിച്ചുപോയെന്നും ഭാഗ്യകൊണ്ടാണ് രക്ഷപ്പെട്ടതെന്നും പരിക്കറ്റവർ പറഞ്ഞു. കുടുങ്ങിയ 54 തൊഴിലാളികളിൽ 46 പേരെ നേരത്തെ രക്ഷിച്ചിരുന്നു.
