അടിസ്ഥാന വർഗത്തിന്‍റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി, ഇടവേളകളില്ലാത്ത സമരമാണ് വി.എസ്’ -എം. വി. ഗോവിന്ദൻ

‘
തിരുനവന്തപുരം: മുൻമുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തിൽ അനുശോചിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടവേളകളില്ലാത്ത സമരമാണ് വി.എസെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. തലമുറകൾക്ക് പിന്തുടരുവാനുള്ള മഹത്തായ പാദമുദ്രകൾ അടയാളപ്പെടുത്തിയാണ് വി.എസ് നിത്യനിദ്രയിലേക്ക് കടക്കുന്നതെന്ന് എം. വി. ഗോവിന്ദൻ എഴുതി. ‘ഇടവേളകളില്ലാത്ത സമരമാണ് വി.എസ്. അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി. കേരളത്തിന്റെ എണ്ണമറ്റ സമര പോരാട്ടങ്ങളെ നിർണയിക്കുകയും മുന്നേ നയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നിശ്ചയദാർഢ്യമാണ് സഖാവ് വി.എസിന്റെത്. ഏതു സമൂഹത്തെയും ആവേശം കൊള്ളിക്കുവാൻ വി.എസിന് സാധിച്ചു. ഏതു പ്രതിസന്ധിയെയും നേരിടുവാനുള്ള ഊർജ്ജമാണ് സഖാവ്. തലമുറകൾക്ക് പിന്തുടരുവാനുള്ള മഹത്തായ പാദമുദ്രകൾ അടയാളപ്പെടുത്തിയാണ് വിപ്ലവ നായകൻ നിത്യനിദ്രയിലേക്ക് കടക്കുന്നത്’ – എം. വി. ഗോവിന്ദൻ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. പട്ടം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചക്കുശേഷമാണ് ആരോഗ്യ നില വഷളായത്. തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി.എ അരുൺ കുമാറിന്റെ വീട്ടിലായിരിക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടക്ക് ആശ്വാസ വാർത്തകൾ വന്നിരുന്നുവെങ്കിലും ഇന്ന് വൈകീട്ട് 3.20 ഓടെ മരണപ്പെടുകയായിരുന്നു.
