വിദര്‍ഭയെ അവരുടെ മടയില്‍ ചെന്ന് നേരിടണം! രഞ്ജി ഫൈനലില്‍ കേരളത്തെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി

നാഗ്പൂര്‍: കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി ഫൈനലിന് നാളെയാണ് തുടക്കമാകുന്നത്. നിലവിലെ ചാംപ്യന്മാരായ മുംബൈയെ തകര്‍ത്തെത്തിയ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളി. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ രണ്ട് റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. സ്‌കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455. എന്നാല്‍ ഫൈനലില്‍ കേരളത്തെ കാത്തിരിക്കുന്ന ഒരു കടുത്ത വെല്ലുവിളിയുണ്ട്. ഫൈനല്‍ മത്സരം, വിര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ കളിക്കണമെന്നുള്ളതാണിത്. ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത് ഈ ഗ്രൗണ്ടില്‍. ഈ സീസണില്‍ ആറ് തവണ ഇതേ ഗ്രൗണ്ടിലാണ് വിദര്‍ഭ കളിച്ചത്. ഇതില്‍ അഞ്ച് മത്സരങ്ങള്‍ ജയിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തില്‍ ഗുജറാത്തിനെതിരായ മത്സരം സമനിലയില്‍ അവസാനിപ്പിക്കാനും വിദര്‍ഭയ്ക്ക് സാധിച്ചു. ഇതേ ഗ്രൗണ്ടില്‍ മുംബൈക്കെതിരെ സെമിയില്‍ 80 റണ്‍സിനായിരുന്നു വിദര്‍ഭയുടെ ജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ തമിഴ്നാടിനെതിരെ 198 റണ്‍സിനും ജയിച്ചു. ഗ്രൂപ്പ് ബിയില്‍ അവസാന മത്സരത്തില്‍ ഹൈദരാബാദിനെ 58 റണ്‍സിനും തോല്‍പ്പിച്ചു. അതിന് മുമ്പ് ഗുജറാത്തിനോട് സമനില. ക്വാര്‍ട്ടറിലും സെമിയിലും ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനെതിരെ ടോസ് നഷ്ടമായ ടീം ആദ്യം ബാറ്റ് ചെയ്തു. ഗുജറാത്തിനെതിരെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു വിദര്‍ഭ. ഗ്രൂപ്പ് ഘട്ടത്തില്‍ ആന്ധ്ര പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവരെ തോല്‍പ്പിക്കാനും വിദര്‍ഭയ്ക്ക് സാധിച്ചിരുന്നു. ആന്ധ്രയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഹിമാചലിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു. ഈ ഗ്രൗണ്ടിനെയാണ് കേരളം പേടിക്കേണ്ടത്. അവരുടെ ഹോം ഗ്രൗണ്ടിലാണെന്നുള്ളത് കേരളത്തിന് വെല്ലുവിളി ഉയര്‍ത്തു. വിദര്‍ഭയുടെ നാലാം രഞ്ജി ട്രോഫി ഫൈനലാണിത്. 2017-18, 2018-19 വര്‍ഷങ്ങളില്‍ അവര്‍ കിരീടം നേടുകയും ചെയ്തു. ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ കിരീടം അവര്‍ സ്വപ്നം കാണുന്നുണ്ടാവും. 2018-19 സീസണില്‍ അവര്‍ കിരീടം നേടിയതും ഇതേ ഗ്രൗണ്ടിലാണ്.
