ശ്ശെടാ, ഇതിപ്പോ എന്താ സംഭവം? വർഷങ്ങള്‍ക്ക് ശേഷം പെട്ടെന്ന് ടീച്ചറുടെ ഒരു മെസ്സേജ്, അന്തംവിട്ട് യുവാവ്!

വളരെ രസകരമായ അനേകം പോസ്റ്റുകൾ ഓരോ ദിവസവും നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇതിൽ പലതും വൈറലായി മാറുന്നത്. അതുപോലെ രസകരമായ പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ള ഒരു ടെക്കിയാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. പോസ്റ്റിൽ ഒരു സ്ക്രീൻഷോട്ടാണ് ഉള്ളത്. അതും ഒരു ടീച്ചറുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട്. ഇപ്പോൾ സോഫ്റ്റ്‍വെയർ എഞ്ചിനീയറായി ജോലി നോക്കുന്ന യുവാവ് തന്റെ മാത്തമാറ്റിക്സ് പ്രൊഫസറുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് പങ്കുവച്ചിരിക്കുന്നത്. നീൽ അഗർവാൾ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്ന സ്ക്രീൻഷോട്ടിന് കാപ്ഷനായി നൽകിയിരിക്കുന്നത്, ‘അവർ ഇപ്പോഴും ഞാൻ ഒരു പരാജയമാണ് എന്ന് കരുതുന്നു’ എന്നാണ്. സ്ക്രീൻഷോട്ടിൽ നീൽ 2018 ഏപ്രിലിൽ അയച്ച മെസ്സേജാണ് കാണുന്നത്. അന്ന് ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്നു നീൽ. രണ്ട് മെസ്സേജാണ് ആ ദിവസം നീൽ തന്റെ അധ്യാപികയ്ക്ക് അയച്ചിരിക്കുന്നത്. അതിൽ ആദ്യത്തേതിൽ ചോദിക്കുന്നത്, ‘ആ മാത്‍സ് ഫയൽസ് ഇന്ന് സ്വീകരിക്കുന്നുണ്ടോ മാം’ എന്നാണ്. ‘സൈനിംഗ് മാത്രമേ ഉള്ളൂ’ എന്നാണ് പ്രൊഫസറുടെ മറുപടി. വീണ്ടും ഒരു മെസ്സേജ് കൂടി നീൽ അയക്കുന്നുണ്ട്. അതിൽ ചോദിക്കുന്നത്, ‘മാം ഇന്ന് വരുന്നുണ്ടോ ആ ഫയൽ വയ്ക്കാനാണ്’ എന്നാണ്. അതിന് മറുപടി ഒന്നും തന്നെ കിട്ടിയിട്ടില്ല. 2021 -ൽ നീൽ കോഴ്സ് കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങുകയും ചെയ്തു. എന്നാൽ, 2024 -ൽ നീലിന് വീണ്ടും ഒരു മെസ്സേജ് വന്നു. അതിൽ ചോദിച്ചിരിക്കുന്നത്, ‘നീൽ ഇന്ന് കോളേജിലുണ്ടോ’ എന്നാണ്
ആശ്ചര്യപ്പെട്ടുപോയ നീൽ എന്താണ് കാര്യമെന്നും താൻ 2021 -ൽ ഇറങ്ങി എന്നും പറയുന്നുണ്ട്. അപ്പോൾ അധ്യാപികയുടെ മെസ്സേജ് ‘നീൽ എട്ടാം സെമസ്റ്ററിലാണ് എന്ന് കരുതി’ എന്നാണ്. നിരവധിപ്പേരാണ് നീലിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പലരും ഇതിലെ തമാശ ചൂണ്ടിക്കാട്ടിയാണ് കമന്റ് നൽകിയിരിക്കുന്നത്. എന്നാലും, ഇത്രയും വർഷങ്ങൾക്ക് ശേഷം അധ്യാപിക എങ്ങനെ ഇങ്ങനെ ഒരു മെസ്സേജ് അയച്ചു എന്ന അമ്പരപ്പിലാണ് പലരും.
