BusinessNational

വാലറ്റുകളിലേക്ക് ഇനി യുപിഐയില്‍ നിന്ന് നേരിട്ട് പണമയയ്ക്കാം; ഉത്തരവുമായി ആര്‍ബിഐ

പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍  തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതി നല്‍കി റിസര്‍വ് ബാങ്ക്.  നിലവില്‍, ബാങ്കിന്‍റെ ആപ്പ് വഴിയോ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഏതെങ്കിലും മൂന്നാം കക്ഷി ആപ്പുകള്‍ വഴിയോ മാത്രമേ യുപിഐ പേയ്മെന്‍റുകള്‍ നടത്താനാകൂ. അതേ സമയം പിപിഐയില്‍ നിന്നുള്ള യുപിഐ പേയ്മെന്‍റുകള്‍ അതേ പിപിഐ ഇഷ്യൂവറിന്‍റെ ആപ്പുകള്‍ വഴി മാത്രമേ സാധ്യമാകൂ.  ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ പണം സൂക്ഷിക്കുന്നതിനുള്ള വാലറ്റുകള്‍ ലഭ്യമാക്കുന്നവയാണ് പ്രീപെയ്ഡ് പെയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റ്സ്. ഭാവിയിലേക്കുള്ള ഇടപാടുകള്‍ നടത്തുന്നതിന് ഈ വാലറ്റുകളില്‍ പണം സൂക്ഷിക്കുകയാണ് ചെയ്യുക. നിലവില്‍ യുപിഐയില്‍ നിന്ന് നേരിട്ടോ തിരിച്ചോ പി പി ഐ യിലേക്ക് പണം അയക്കുന്നതിന് പ്രീപെയ്ഡ് പെയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റ്സ്
ആപ്പുകളിലൂടെ മാത്രമേ സാധിക്കൂ. ഉദാഹരണത്തിന് പേടിഎം അല്ലെങ്കില്‍ ഗൂഗിള്‍ പേ വാലറ്റിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ ആ ആപ്പുകളുടെ ഇന്‍റര്‍ഫേസില്‍ പോയി മാത്രമേ ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ. ഇനി ഏത് യുപിഐ ഉപയോഗിച്ചും ഈ വാലറ്റുകളിലേക്ക് പണം അയക്കാന്‍ സാധിക്കും
പുതിയ മാറ്റത്തോടെ, ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനം കൂടുതല്‍ സൗകര്യപ്രദമാകും, ഇത് ഉപയോക്താക്കള്‍ക്ക് യുപിഐ വഴി പണം അയയ്ക്കുന്നതും സ്വീകരിക്കുന്നതും എളുപ്പമാക്കും. ഏപ്രില്‍ 5 ലെ ആര്‍ബിഐയുടെ അവലോകന യോഗത്തിലെ തീരുമാനമനുസരിച്ചാണ് പുതിയ നിര്‍ദേശം. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ വഴി പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സട്രുമെന്‍റ്സിന് (പിപിഐ) യുപിഐയിലേക്കുള്ള പ്രവേശനം അനുവദിക്കുമെന്ന് അന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 223 ലക്ഷം കോടി രൂപയുടെ 15,547 കോടി ഇടപാടുകള്‍ ആണ് യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) വഴി നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button