CrimeKeralaSpot light

എന്നെ റൂമിൽ ഭക്ഷണം തരാതെ പൂട്ടിയിട്ടു, കയ്യും കാലും കെട്ടിയിട്ടു’; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കോഴിക്കോട്: ലഹരിക്കടത്തിന് സ്ത്രീകളെ മറയാക്കുന്നുവന്ന വെളിപ്പെടുത്തലുമായി കോഴിക്കോട് അടിവാരത്തെ 32കാരി. ലഹരിക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷിജാസ് എന്ന യുവാവ് കെണിയില്‍പ്പെടുത്തി തടവില്‍ പാര്‍പ്പിച്ചെന്നും തന്നെ മറയാക്കി ലഹരി വില്‍പന നടത്തിയെന്നും യുവതി ആരോപിച്ചു. ജയിലിലുളള ഷിജാസ് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നാണ് ഭീഷണിയെന്ന് യുവതിയും മാതാവും പറ‍‍യുന്നു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള ലഹരിക്കടത്തിന്‍റെ പ്രധാന ഇടത്താവളമായി താമരശേരി മാറുകയും ചുരവും അടിവാരവും കേന്ദ്രീകരിച്ച് ശക്തിപ്രാപിച്ച ലഹരി വില്‍പന സംഘങ്ങള്‍ സ്വന്തം വീട്ടിലുളളവര്‍ക്കു നേരെ പോലും കത്തി പായിക്കുന്ന നിലയിലേക്കെത്തിയതോടെയുമാണ് ഈ ഭീഷണിക്കെതിരെ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങിയത്. ഇതോടെ ലഹരി സംഘത്തിന്‍റെ കെണിയില്‍പെട്ടവരും ഭീഷണി നേരിടുന്നവരുമെല്ലാം അനുഭവങ്ങള്‍ ഒന്നൊന്നായി തുറന്നു പറയുകയാണ്. അയല്‍വാസിയും സുഹൃത്തുമായിരുന്ന യുവാവ് ലഹരിയുടെ കെണിയില്‍ പെടുത്തി തന്നോട് കാട്ടിയ ക്രൂരതകളെക്കുറിച്ച് പറയുകയാണ് അടിവാരം സ്വദേശിയായ 32കാരി.  തന്നെ മുറിയിൽ പൂട്ടിയിട്ടാണ് അവര്‍ ആവശ്യം വരുമ്പോള്‍ കാറിൽ കൊണ്ടുപോയതെന്നും ലഹരി കടത്തിനാണെന്ന് അപ്പോള്‍ അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. ഭക്ഷണം തരാതെയാണ് മുറിയിൽ പൂട്ടിയിട്ടത്. പുറത്തുപോകാതിരിക്കാൻ വസ്ത്രങ്ങള്‍ വരെ അവര്‍ മാറ്റിയിട്ടിരുന്നു. കയ്യും കാലും കെട്ടിയിട്ടു. അവര് പോകുമ്പോള്‍ എന്നെയും വാഹനത്തിൽ നിര്‍ബന്ധിച്ച് കൊണ്ടുപോവുമായിരുന്നു. വാഹനത്തിൽ സ്ത്രീയുണ്ടെങ്കിൽ  പിടിയിലാകില്ലെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. ഈങ്ങാപ്പുഴയില്‍ അമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറുമെല്ലാം ഷിജാസിന്‍റെ സംഘത്തില്‍ പെട്ടവരാണെന്നും താമരശേരി ചുരത്തില്‍ അപകടത്തില്‍ പെട്ട ജീപ്പില്‍ നിന്ന് ലഹരി കണ്ടെത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും യുവതി ആരോപിച്ചു. യുവതി ആരോപിക്കുന്ന ഷിജാസിനെ ജനുവരി 25ന് 113 ഗ്രാം എംഡിഎംഎയുമായി താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇയാള്‍ പുറത്തിറങ്ങിയാൽ വധിക്കുമെന്ന് ഭീഷണിയുണ്ടെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. ലഹരിസംഘങ്ങളുടെ ഭീഷണി ശക്തമാകുമ്പോഴും പൊലീസ് നടപടി പേരിനു മാത്രമായി പോകുന്നതായി അടിവാരത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഷിജാസിനെതിരായ ലഹരി കേസില്‍ യഥാസമയം നടപടിയെടുത്തതായി പറഞ്ഞ താമരശേരി പൊലീസ് പക്ഷേ, തടവില്‍ പാര്‍പ്പിച്ചതടക്കം യുവതി പറയുന്ന കാര്യങ്ങളില്‍ പരാതി കിട്ടിയിട്ടില്ലെന്നും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button