മുന്നറിയിപ്പുമായി വാട്ടര്‍ അതോറിറ്റി; സിവറേജ് ലൈനിൽ മഴവെള്ളവും അടുക്കള മാലിന്യങ്ങളും കടത്തിവിട്ടാൽ കനത്തപിഴ

തിരുവനന്തപുരം: നഗരത്തിലെ സിവറേജ് മാലിന്യങ്ങൾ സംസ്കരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള സംവിധാനത്തിലേക്ക് മഴവെള്ളം, അടുക്കള മാലിന്യങ്ങൾ ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ എന്നിവ കടത്തിവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേരള വാട്ടർ അതോറിറ്റിയും കോർപറേഷനും തീരുമാനിച്ചു. സിവറേജ് ശൃംഖലയിലൂടെ മഴവെള്ളം, അടുക്കള മാലിന്യങ്ങൾ, മറ്റു ഖരമാലിന്യങ്ങൾ എന്നിവ കടത്തിവിടുമ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ സിവറേജ് മാലിന്യങ്ങൾ ലൈനിൽനിന്നുപുറത്തേക്കൊഴുകുകയും ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. മഴവെള്ളം, മാലിന്യങ്ങൾ എന്നിവ സിവറേജ് ലൈനിലേക്ക് കടത്തിവിടുന്നവരെ കണ്ടെത്താൻ ഓരോ മേഖലകളിലേക്കും വാട്ടർ അതോറിറ്റിയുടെയും കോർപറേഷന്റെയും സംയുക്ത അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തും. മഴവെള്ളമോ ഖരമാലിന്യങ്ങളോ കടത്തിവിടുന്നതായി കണ്ടെത്തിയാൽ കനത്ത പിഴ, കണക്ഷൻ വിച്ഛേദിക്കൽ, നിയമനടപടികൾ തുടങ്ങിയവ സ്വീകരിക്കും. ഉപഭോക്താക്കൾ ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഏതെങ്കിലും തരത്തിൽ മഴവെള്ളമോ മാലിന്യങ്ങളോ സിവറേജ് ശൃംഖലയിലേക്ക് കടത്തിവിടുന്നുണ്ടെങ്കിൽ ഉടനടി അത് അവസാനിപ്പിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.
