National

ഇന്ത്യയുടെ 7 വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കൈവശപ്പെടുത്തണം’: വിവാദ പരാമർശവുമായി ബംഗ്ലാദേശിലെ മുതിർന്ന ഉദ്യോഗസ്ഥൻ

ധാക്ക: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് അധിനിവേശം നടത്തണമെന്ന വിവാദ പ്രസ്താവനയുമായി ഇടക്കാല സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും വിരമിച്ച മേജർ ജനറലുമായ എഎൽഎം ഫസ്ലുർ റഹ്മാൻ. ഇതിനായി ചൈനയുടെ സഹായം കൂടി ആവശ്യപ്പെടണമെന്നാണ് സമൂഹ മാധ്യമത്തിൽ കുറിച്ചത്. ബംഗ്ലാദേശ് റൈഫിൾസ് (ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ്) മുന്‍ തലവനാണ് ഫസ്സുർ റഹ്മാൻ. ‘ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളും ബംഗ്ലാദേശ് കൈവശപ്പെടുത്തണം. ഇക്കാര്യത്തിൽ, ചൈനയുമായുള്ള സംയുക്ത സൈനിക നീക്കത്തെക്കുറിച്ച് ചർച്ച ആരംഭിക്കണമെന്ന് ഞാൻ കരുതുന്നു’ എന്നാണ് ഫസ്സുർ റഹ്മാന്‍കുറിച്ചത്. 2009ൽ ബംഗ്ലാദേശ് റൈഫിൾസിന്റെ പിൽഖാന ആസ്ഥാനത്ത് നടന്ന കൂട്ടക്കൊല പുനരന്വേഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഏഴ് അംഗ സ്വതന്ത്ര കമ്മീഷന്റെ തലവനാണ് നിലവില്‍ റഹ്മാന്‍. കഴിഞ്ഞ വർഷമാണ് ഇടക്കാല സർക്കാർ റഹ്മാനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭയം തേടി ഇന്ത്യയിലേക്ക് പലായനം ചെയ്തതിനു ശേഷം ഇന്ത്യ – ബംഗ്ലാദേശ് ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു. ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടായതോടെ ബന്ധത്തിൽ വീണ്ടും വിള്ളൽ വീണു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ് ഫസ്സുർ റഹ്മാന്റെ വിവാദ പരാമർശങ്ങൾ.   അതേസമയം ഇന്ത്യയ്ക്കെതിരെ സൈനിക നടപടി വേണമെന്ന റഹ്മാന്‍റെ വിവാദ പരാമര്‍ശത്തെ കുറിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല. ഫസ്ലുർ റഹ്മാൻ നടത്തിയ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്ന് മാത്രമാണ് പ്രതികരണം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button