InformationKeralaSpot light

RTI facts- എന്താണ് വിവരാവകാശ നിയമം, എങ്ങനെ അപേക്ഷിക്കാം, അപേക്ഷാ മാതൃക, ഉത്തരമില്ലെങ്കില്‍ എന്ത് ചെയ്യണം

പൗരന്മാരെ അവരുടെ സര്‍ക്കാരിനെക്കുറിച്ചുള്ള കാര്യങ്ങളില്‍ ഉത്തരവാദിത്വബോധമുള്ളവരാക്കാനും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനും സഹായിക്കുന്ന ശക്തമായ നിയമമാണ് വിവരാവകാശ നിയമം അഥവാ ആര്‍ടിഐ (Right To Information). ഇത് പൗരന്മാര്‍ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കീറിച്ചുളള വിവരങ്ങള്‍ നേടാനും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ സുതാര്യത പ്രോത്സാഹിപ്പിക്കാനും സഹായകമാണ്. ഈ അവകാശം പൂര്‍ണ്ണമായി ഉപയോഗിച്ച് ഭരണത്തില്‍ സുതാര്യത ഉറപ്പാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.  ആര്‍ടിഐ അപേക്ഷ ഫയല്‍ ചെയ്യുന്നത് ലളിതമായ പ്രക്രിയയാണ്. ഇത് കുറച്ച് ബുദ്ധിമുട്ടായി ആദ്യം തോന്നിയേക്കാം. എന്നാല്‍ വ്യക്തമായ ധാരണയോടെ ചെയ്താല്‍ അത് സുഗമമായി നടക്കും. ഈ നിയമം ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ, അഴിമതി കുറയ്ക്കാനും ഭരണത്തില്‍ നിയമപരവും കാര്യനിര്‍വ്വഹണപരവുമായ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കാനും കഴിയും.  വിവരാവകാശ നിയമത്തിന്റെ (ആര്‍ടിഐ)  ഉദ്ദേശ്യമെന്താണ്?  ശാക്തീകരണം: രാജ്യത്തെ പൗരന്മാരെ ശാക്തീകരിക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.  സര്‍ക്കാര്‍ വിവരങ്ങള്‍ അറിയുന്നതിന് ഈ നിയമം എല്ലാ പൗരന്‍മാരെയും അധികാരപ്പെടുത്തുന്നു. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോ പൗരനെയും അറിയിക്കുന്നു. സുതാര്യത: സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പ്രോത്സാഹിപ്പിക്കുക, അഴിമതി തടയുക ഉത്തരവാദിത്തം: പൊതുജനങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ക്ക് കൃത്യ സമയത്ത് മറുപടി നല്‍കാന്‍ നിര്‍ബന്ധിതരാക്കുന്നതിലൂടെ ഈ നിയമം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നു.  ആര്‍ക്കൊക്കെ അപേക്ഷിക്കാം? ഇന്ത്യയിലെ ഏതൊരു പൗരനും ആര്‍ടിഐ അപേക്ഷ ഫയല്‍ ചെയ്യാം. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള ഏതൊരു ഉദ്യോഗസ്ഥനില്‍ നിന്നും വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കാവുന്നതാണ്. പ്രതികരണ സമയം: അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികരിക്കണം.  RTI അപേക്ഷ എങ്ങനെ ഫയല്‍ ചെയ്യാം?  ഘട്ടം 1: ആവശ്യമുള്ള വിവരങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന അപേക്ഷ എഴുതണം.  ഫോര്‍മാറ്റ്: അപേക്ഷ കൈകൊണ്ട് എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യാം. ബന്ധപ്പെട്ട വകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് (PIO) നല്‍കണം. വിഷവ്യക്തത: ഇതൊരു ആര്‍ടിഐ അപേക്ഷയാണെന്ന് സബ്ജക്ട് ലൈനില്‍ വ്യക്തമായി പറയുക. ഒപ്പം, നിങ്ങള്‍ക്ക് എന്തൊക്കെ വിവരങ്ങളാണ് വേണ്ടതെന്ന് വ്യക്തമായി പറയുക: നിങ്ങളുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും (വിലാസം, ഫോണ്‍ നമ്പര്‍) നല്‍കുക.  RTI അപേക്ഷാ ഫോം താഴെ പറയുന്ന രീതിയില്‍ ആയിരിക്കണം:  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, [വകുപ്പിന്റെ പേര്], [വിലാസം] വിഷയം: വിവരാവകാശ നിയമം 2005 പ്രകാരം വിവരങ്ങള്‍ക്കുള്ള അപേക്ഷ സര്‍/മാഡം, ഞാന്‍, [നിങ്ങളുടെ പേര്], [നിങ്ങളുടെ വിലാസം] എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു ഇന്ത്യന്‍ പൗരനാണ്. ആര്‍ടിഐ നിയമം 2005-ലെ സെക്ഷന്‍ 6 പ്രകാരം [നിങ്ങള്‍ ആവശ്യപ്പെടുന്ന നിര്‍ദ്ദിഷ്ട വിവരങ്ങള്‍] സംബന്ധിച്ച വിവരങ്ങള്‍ എനിക്ക് ലഭിക്കാന്‍ ആഗ്രഹമുണ്ട്. (അപേക്ഷാ ഫീസ് അടച്ചതിന്റെ തെളിവായി രസീത് അപേക്ഷാ ഫോമിനോടൊപ്പം ചേര്‍ക്കുക.) നന്ദി. വിശ്വസ്തതയോടെ.. [നിങ്ങളുടെ പേര്] [ഫോണ്‍ നമ്പര്‍] ഘട്ടം 2: അപേക്ഷാ ഫീസ്  ആര്‍ടിഐ റെഗുലേഷന്‍സ്, 2012 അനുസരിച്ച്, ആര്‍ടിഐ അപേക്ഷയ്ക്ക് ഒരു ചെറിയ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിന് 10 രൂപയാണ് അടയ്ക്കേണ്ടത്. എന്നാല്‍ം, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) വിഭാഗത്തില്‍പ്പെട്ട പൗരന്മാരെ ഈ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനായി അവര്‍ അവരുടെ ബിപിഎല്‍ കാര്‍ഡ് കാണിക്കണം. അപേക്ഷാ ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍, ഓണ്‍ലൈന്‍ പേയ്മെന്റ് (ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക്) എന്നിവയിലൂടെ ബന്ധപ്പെട്ട പോര്‍ട്ടല്‍ വഴി അടയ്‌ക്കേണ്ടതാണ്.  ഘട്ടം 3: അപേക്ഷ സമര്‍പ്പിക്കേണ്ട വിധം  നേരിട്ടുള്ള സമര്‍പ്പണം: നിങ്ങളുടെ അപേക്ഷ ബന്ധപ്പെട്ട വകുപ്പിലെ PIO-ക്ക് നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. പോസ്റ്റല്‍ സമര്‍പ്പണം: നിങ്ങളുടെ അപേക്ഷ രജിസ്റ്റേര്‍ഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ അയക്കാവുന്നതാണ്. ഓണ്‍ലൈന്‍ സമര്‍പ്പണം: പല സംസ്ഥാനങ്ങളും ആര്‍ടിഐ അപേക്ഷകള്‍ ഫയല്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അപേക്ഷകള്‍ക്കായി RTI ഓണ്‍ലൈന്‍ ഉപയോഗിക്കാവുന്നതാണ്. ഘട്ടം 4: സമര്‍പ്പിച്ച അപേക്ഷ എങ്ങനെ ട്രാക്ക് ചെയ്യാം?   അപേക്ഷ സമര്‍പ്പിച്ച ശേഷം നിങ്ങള്‍ക്ക് ഒരു യുനിക് രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ ഈ നമ്പര്‍ വളരെ പ്രധാനമാണ്. അപേക്ഷയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി പരിശോധിക്കാം അല്ലെങ്കില്‍ PIO-യെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. പ്രധാന പോയിന്റുകള്‍: ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷയ്ക്ക് മറുപടി നല്‍കണം.   30 ദിവസം: പൊതുവായ അപേക്ഷകള്‍ക്ക് 30 ദിവസം വരെ എടുത്തേക്കാം. 48 മണിക്കൂര്‍: ജീവന്‍ അല്ലെങ്കില്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍, 2 ദിവസത്തിനുള്ളില്‍ പ്രതികരണം നല്‍കണം.  അപ്പീല്‍ നടപടിക്രമം: പ്രതികരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിലോ അല്ലെങ്കില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ തൃപ്തരല്ലെങ്കിലോ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള അവസരവും നിയമം നല്‍കുന്നുണ്ട്. ഒന്നാമത്തെ അപ്പീല്‍: പ്രതികരണം ലഭിച്ച് 30 ദിവസത്തിനുള്ളിലോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രതികരണം ലഭിക്കേണ്ട സമയം കഴിഞ്ഞതിന് ശേഷമോ ആദ്യത്തെ അപ്പീല്‍ ഉദ്യോഗസ്ഥന് ഫയല്‍ ചെയ്യാവുന്നതാണ്. രണ്ടാമത്തെ അപ്പീല്‍: ആദ്യത്തെ അപ്പീല്‍ ഫയല്‍ ചെയ്ത ശേഷം ലഭിച്ച വിവരങ്ങളില്‍ നിങ്ങള്‍ തൃപ്തരല്ലെങ്കില്‍, നിങ്ങള്‍ക്ക് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ (CIC) അല്ലെങ്കില്‍ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ (SIC) എന്നിവയില്‍ രണ്ടാമത്തെ അപ്പീല്‍ ഫയല്‍ ചെയ്യാവുന്നതാണ്. RTI-യില്‍ നിന്നുള്ള ഒഴിവാക്കലുകള്‍: RTI നിയമത്തിലെ സെക്ഷന്‍ 8 പ്രകാരം ചില വിഭാഗത്തിലുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ദേശീയ സുരക്ഷ, വ്യക്തിഗത സ്വകാര്യത, വിദേശ ഗവണ്‍മെന്റുകളില്‍ നിന്ന് രഹസ്യമായി ലഭിച്ച വിവരങ്ങള്‍, വ്യാപാര രഹസ്യങ്ങള്‍ തുടങ്ങിയ ഒഴിവാക്കലുകള്‍ ഇതിലുണ്ട്.  RTI അപേക്ഷ ഫയല്‍ ചെയ്യുമ്പോള്‍ വരുന്ന തെറ്റുകള്‍ എന്തൊക്കെയാണ്? ചില കേസുകളില്‍ അപേക്ഷകള്‍ നിരസിക്കപ്പെടാറുണ്ട്. ആവശ്യമായ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമുണ്ടാകാറുണ്ട്. അപേക്ഷയില്‍ സംഭവിക്കുന്ന ചില സാധാരണ തെറ്റുകളാവാം അതിനു കാരണമാവുനനത്. സാധാരണ സംഭവിക്കാറുള്ള തെറ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.   1. അവ്യക്തമായതോ വലിയതോ ആയ ചോദ്യങ്ങള്‍ അവ്യക്തമായതോ വലിയതോ ആയ ചോദ്യങ്ങള്‍ ചോദിക്കുകയാണെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്. അപേക്ഷകര്‍ പലപ്പോഴും തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായി ചോദിക്കാതെ വലിയ ചോദ്യങ്ങളും, അപ്രസക്തമായ വിവരങ്ങളും ചോദിക്കാറുണ്ട്. ഉദാഹരണത്തിന്, ‘വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുക’ എന്ന് ചോദിക്കുന്നതിനുപകരം, ‘കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വകുപ്പ് നടത്തിയ മീറ്റിംഗുകളുടെ മിനിറ്റ്‌സ് നല്‍കുക’ എന്ന് ചോദിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. നല്‍കേണ്ട പ്രത്യേക രേഖകള്‍ വ്യക്തമാക്കിയാല്‍ പ്രതികരണം വേഗത്തിലാകും.  2. സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ചോദിക്കുക. സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ചോദിച്ചാലും ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, ‘ഒരു പ്രത്യേക നയം നടപ്പാക്കിയാല്‍ എന്ത് സംഭവിക്കും?’ എന്ന് ചോദിക്കുന്നത് നിയമപരമായി സാധുവായ ഒരു വിവരാവകാശ അപേക്ഷയായി കണക്കാക്കില്ല. രേഖപ്പെടുത്തിയ വസ്തുതകളോ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂ.  3. പരാതി പരിഹാരത്തിനായി ആര്‍ടിഐ ഉപയോഗിക്കുക പല അപേക്ഷകരും വ്യക്തിപരമായ പരാതികള്‍ പരിഹരിക്കുന്നതിനോ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനോ വേണ്ടി ആര്‍ടിഐ അപേക്ഷകള്‍ ദുരുപയോഗം ചെയ്യാറുണ്ട്. ഈ ആവശ്യത്തിനല്ല ആര്‍ടിഐ നിയമം നടപ്പിലാക്കിയത്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നതിലൂടെ സുതാര്യത പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ നിയമമാണിതെന്ന് ഓര്‍ക്കണം.   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button