Kerala

പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നു’;  സൈബർ തട്ടിപ്പിൽ പരാതിയുമായി എ ജയതിലക്

തിരുവനന്തപുരം: തന്‍റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ചൂണ്ടികാണിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നൽകി. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സൈബര്‍ തട്ടിപ്പിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് എ ജയതിലക് പരാതി നൽകിയത്. കുറച്ചു ദിവസമായി വ്യാജ നമ്പര്‍ ഉപയോഗിച്ച് തന്‍റെ പേരിൽ പരിചയപ്പെടുത്തികൊണ്ട് ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിക്കുന്നുണ്ടെന്നും പണം അയക്കാനാണ് ആവശ്യപ്പെടുന്നതെന്നുമാണ് പരാതി. താൻ അവശനിലയിലാണെന്നും പണം ആവശ്യമുണ്ടെന്നും ഉടനെ തിരിച്ചുനൽകാമെന്നും പറഞ്ഞാണ് സന്ദേശമെന്നും ഇത് തന്നെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്തന്നതിനാണെന്നുമാണ് പരാതി. ഉന്നതരുടെ പേര് ഉപയോഗിച്ചുള്ള സമാനമായ സൈബര്‍ തട്ടിപ്പ് നേരത്തെയും ഉണ്ടായിട്ടുണ്ട്. സമാനമായ തട്ടിപ്പാണ് എ ജയതിലകിന്‍റെ പേരിലും നടക്കുന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button