Crime

രാത്രി കാറിൽ വരുമ്പോൾ വഴിയിൽ കാത്തിരുന്ന് കാറിൽ കയറ്റി കൊണ്ടുപോയി തല്ലി; പരാതി അന്വേഷിച്ചെത്തിയപ്പോൾ ടിസ്റ്റ്

കോഴിക്കോട്: താമരശ്ശേരിയിൽ കാർ തടഞ്ഞു നിർത്തി യുവാവിനെ മർദിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. വീസ തട്ടിപ്പിന് ഇരയായവർ ചേർന്നാണ് കട്ടിപ്പാറ വേനക്കാവ് സ്വദേശി ആദിലിനെ തടഞ്ഞിട്ട് തല്ലിയത്. വീസ വാഗ്ദാനം ചെയ്തു പണം തട്ടുകയും, ഇതിന് ശേഷം പറ്റിക്കപ്പെട്ടവർ ആദിലിനെ വട്ടമിട്ട് തല്ലുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കാറും പണവും ഇവർ അപഹരിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നര മണിക്കായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തു നിന്നും തലയാട് ഭാഗത്തേക്ക് കാറിൽ പോവുകയായിരുന്നു ആദിൽ. കട്ടിപ്പാറ പഞ്ചായത്ത് പരിസരത്ത് എത്തിയപ്പോൾ ഒരുപറ്റം ആളുകൾ ആദിലിനെ തടഞ്ഞിട്ടു. ലോറിയിലും കാറിലുമായിരുന്നു അക്രമികൾ എത്തിയത്. ആദിലിനെ വലിച്ചിഴച്ച് അക്രമികളുടെ കാറിൽ കയറ്റി. ഒരു തെങ്ങിൻ തോപ്പിൽ കൊണ്ടുപോയി കൂട്ടമായി തല്ലി. ആദിൽ സഞ്ചരിച്ച കാറും കയ്യിൽ ഉണ്ടായിരുന്ന 75,000 രൂപയും രണ്ട് സ്വർണ മോതിരവും മൂന്ന് മൊബൈൽ ഫോണുകളും പ്രതികൾ കൈക്കലാക്കി. പത്തോളം പേർ ചേർന്നായിരുന്നു മർദനവും അപഹരണവും. പിന്നാലെ ആദിൽ താമരശ്ശേരി പൊലീസിൽ പരാതി നൽകി. വിശദമായ മൊഴിയെടുത്ത പൊലീസ് മൂന്ന് പ്രതികളെ പിടികൂടി. ഷാജഹൻ. നിസാർ, സജി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ, മറ്റൊരു കുറ്റകൃത്യത്തിലേക്കുള്ള വഴിയാണ് പൊലീസിന് തുറന്നുകിട്ടിയത്. മർദനമേറ്റ ആദിൽ വീസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചവരാണ് പ്രതികൾ. ഇവർക്ക് വീസ കിട്ടിയില്ല. എന്നാൽ പണം മടക്കി ചോദിച്ചപ്പോൾ അതും കിട്ടിയില്ല. പിന്നാലെയാണ് ആദിലിനെ അപായപ്പെടുത്താൻ തുനിഞ്ഞത്. ദുബായിലേക്കായിരുന്നു വീസ വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു വേണ്ടി ഓരോ ലക്ഷം രൂപ വെച്ച് കൊടുത്തിട്ടുണ്ടെന്നാണ് പ്രതികളുടെ മൊഴി. ആദിലിനെതിരെ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ സമാന പരാതിയുണ്ടെന്നും പൊലീസ് കണ്ടെത്തി. പരിക്കേറ്റ ആദിൽ ഇപ്പോൾ ചികിത്സയിലാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button