CrimeKerala

വീട്ടിൽപറയുമെന്ന് പറഞ്ഞപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടു’; 6 വയസുകാരനെ ക്രൂരമായി കൊലപെടുത്തി, നിർണായകമായത് സിസിടിവി ദൃശ്യം

തൃശ്ശൂർ: മാള കീഴൂരിലെ ആറു വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത് തെളിവെടുപ്പിനിടെ പോലീസിന് മുന്നിൽ കൂസലില്ലാതെ വിവരിച്ച് പ്രതി ജോജോ. നാട്ടുകാരുടെ കനത്ത രോഷത്തിനിടെ പ്രതി ആറു വയസ്സുകാരനെ മുക്കിക്കൊന്ന കുളക്കരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊല്ലപ്പെട്ട 6 വയസ്സുകാരന്റെ മൃതദേഹം വൈകിട്ടോടെ കുഴൂരിലെ ഇടവക പള്ളിയിൽ സംസ്കരിക്കും. തിരിച്ചറിവുണ്ടാകുന്ന പ്രായത്തിന്  മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി അരുംകൊല ചെയ്യപ്പെട്ട ആറു വയസ്സുകാരന്റെ മരണത്തിലുള്ള രോഷം അടങ്ങുന്നില്ല കുഴൂരിലെ നാട്ടുകാർക്ക്. പ്രതി ജോജോയെ തെളിവെടുപ്പിന് എത്തിച്ച ഓരോ ഘട്ടത്തിലും അവർ ആക്രോശിച്ച് ആഞ്ഞടുത്തു. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് പ്രതിയുമായുള്ള പോലീസ് സംഘം ആറു വയസ്സുകാരന്റെ വീടും കടന്ന് കൊലപാതകം നടന്ന ജാതി തോട്ടത്തിനോട് ചേർന്ന് കുളക്കരയിലേക്ക് എത്തിയത്. നാട്ടുകാരെ വകഞ്ഞു മാറ്റി വഴിയൊരുക്കി പോലീസ് സംഘം. കുളക്കരയിൽ എത്തിയപ്പോൾ കൂസലേതും കൂടാതെ നടന്ന കുറ്റകൃത്യം പ്രതി വിവരിച്ചു. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിന് തുനിഞ്ഞപ്പോൾ ആറു വയസ്സുകാരൻ ചെറുത്തു. വീട്ടിൽ പറയുമെന്ന് ആയപ്പോൾ വായപൊത്തി കുളത്തിലേക്ക് തള്ളിയിട്ടു. മൂന്നുതവണ ആ പിഞ്ചുകുഞ്ഞ് കരയിൽ കയറാൻ ശ്രമിച്ചു. മൂന്നാമത്തെ തവണ പ്രതി അതിശക്തമായി ആഴത്തിലേക്ക് വലിച്ചിട്ടു. എന്നിട്ട് ഒന്നുമറിയാതെ കുട്ടിയെ തിരയുന്നവർക്കൊപ്പം പാടത്തിന്റെ കരയിൽ ആകെ  തെരച്ചിൽ നടത്തി. കഴിഞ്ഞമാസം കുട്ടിയുടെ പിതാവ് വിദേശത്തേക്ക് മടങ്ങുന്നതിനു തൊട്ടുമുമ്പാണ്  വീട്ടിൽ സിസിടിവി സ്ഥാപിച്ചത്. അതിൽ നിന്നാണ് പ്രതിക്കൊപ്പം കുട്ടി പോകുന്ന നിർണായക ദൃശ്യങ്ങൾ കിട്ടിയത്. മൃതദേഹം കുളത്തിലുണ്ടെന്ന് വ്യക്തമായതോടെ നാട്ടുകാരും പോലീസും ചേർന്ന്  രാത്രി 9 മണിയോടെ പുറത്തെടുത്തു. കുഴിക്കാട്ടുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ് വിദേശത്തായിരുന്ന കുട്ടിയുടെ പിതാവ് അവിടേക്ക് വന്നത്. വിങ്ങിപ്പൊട്ടി മകനെ അവസാനമായി ഒരു കാണുന്ന പിതാവിന്റെ ദൃശ്യങ്ങൾ ഹൃദയഭേദകം ആയിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നൂറുകണക്കിനാളുകളാണ് അന്തിമോപചാരമർപ്പിക്കാൻ കാത്തുനിന്നത്. നേരത്തെ ബൈക്ക് മോഷണത്തിന് പിടിയിലായി ദുർഗുണ പരിഹാര കേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ട് ഇരുപതുകാരനായ ജോജോ.  സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള  പോലീസ്  നീക്കമാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ കേസിന്റെ ചുരുളഴിച്ചത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button