Crime

പൊലീസെത്തുമ്പോൾ പെട്രോൾ പമ്പിൽ, ഒളിപ്പിച്ചത് മലദ്വാരത്തിൽ! യുവാവ് എംഡിഎംഎ കടത്തിയത് ഇങ്ങനെ, ഒടുവിൽ റിമാൻഡിൽ

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ചു കേരളത്തിലേക്ക് കടത്തിയതിന് കഴിഞ്ഞദിവസം അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. തുമ്പ, പള്ളിത്തുറ, പുതുവൽ പുരയിടം ഡാലിയ ഹൗസിൽ ലിയോ ജോൺസണിനെയാണ് (32) വ്യാഴാഴ്ച തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 56.55 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മലദ്വാരത്തിനുള്ളിൽ ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞ നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എസ്.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ 26ന് രാവിലെ 11 മണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെ പെട്രോൾ പമ്പിന് സമീപം നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ലിയോയെ പൊലീസ് സംഘം തടഞ്ഞു നിർത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗസറ്റഡ് ഓഫിസറുടെയും സ്ഥലത്തുണ്ടായിരുന്ന ആൾക്കാരുടെയും സാന്നിധ്യത്തിൽ ശരീരം പരിശോധിച്ചെങ്കിലും പുറമെയോ വസ്ത്രത്തിനുള്ളിലോ ആദ്യഘട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ കെഎസ്ആര്ടിസി ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ച് പരിശോധനക്ക് വിധേയനാക്കാൻ ശ്രമിച്ചു. എന്നാൽ  ഇത് ലിയോ എതിർത്തു.  ഇതോടെയാണ് ഇയാൾ ഒളിപ്പിക്കുന്നുണ്ട് എന്ന് പൊലീസ് മനസ്സിലാക്കിയത്. പിന്നാലെ സമീപത്തെ സ്വകാര്യ ലാബിൽ എത്തിച്ച്  എക്സ്റേ പരിശോധന നടത്തിയപ്പോൾ ആണ് അസ്വാഭാവികമായി ഒരു വസ്തു ഇയാളുടെ ശരീരത്തിൽ ഇരിക്കുന്നത് മനസിലാക്കുന്നത്. തുടർന്ന് യുവാവിനെ ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിനുള്ളിൽനിന്ന് എം.ഡി.എം.എ കണ്ടെത്തിയത്.  മെഡിക്കൽ ഓഫിസർ ജയകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിയിലായ ലിയോക്കെതിരെ  തുമ്പ, കഴക്കൂട്ടം തുടങ്ങി തിരുവനന്തപുരം സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി 12 ഓളം കേസുകൾ നിലവിലുണ്ട്. കഞ്ചാവ് കേസുകളുള്ള ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള തയ്യാറെടുപ്പിലാണ്. സിറ്റി പൊലീസ് ഡി.സി.പി വിജയ് ഭരത് റെഡ്ഢിയുടെ നിർദേശപ്രകാരം തമ്പാനൂർ സി.ഐ വി.എം. ശ്രീകുമാർ, എസ്.ഐമാരായ വിനോദ്, ഉമേഷ്, വൈശാഖ്, സി.പി.ഒമാരായ അരുൺ, പ്രശാന്ത് എന്നിവരെ കൂടാതെ ഷാഡോ ടീമംഗങ്ങളും അറസ്റ്റിനു നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button