ആരാണാ സീരിയല്‍ കില്ലര്‍? രഹസ്യം 140 വര്‍ഷത്തിനുശേഷം മറനീക്കി പുറത്ത്? അവകാശവാദവുമായി ചരിത്രകാരന്‍

ലോകത്തിലെ ഏറ്റവും കുപ്രസിദ്ധവും പഴക്കമേറിയതുമായ സീരിയൽ കില്ലർ രഹസ്യങ്ങളിലൊന്ന് ഏകദേശം 140 വർഷങ്ങൾക്ക് ശേഷം മറനീക്കി പുറത്തുവരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ സീരിയൽ കില്ലർ ‘ജാക്ക് ദി റിപ്പർ’ എന്നയാളുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തിയതായി ഒരു ഇംഗ്ലീഷ് ചരിത്രകാരൻ അവകാശപ്പെട്ടതായിട്ടാണ്, ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. കൊലപാതകങ്ങളിലൊന്നിൽ നിന്ന് കണ്ടെടുത്ത ഷാളിൽ കണ്ടെത്തിയ ഡിഎൻഎ പരിശോധനയിലൂടെ കൊലയാളിയെ തിരിച്ചറിഞ്ഞു എന്നാണ് എഴുത്തുകാരൻ റസ്സൽ എഡ്വേർഡ്സ് വെളിപ്പെടുത്തുന്നത്. 1800 -കളുടെ അവസാനത്തിൽ വിക്ടോറിയൻ ലണ്ടനിലെ ഈസ്റ്റ് എൻഡിനെ ഭീതിയിലാഴ്ത്തിയ ദാരുണമായ കൊലപാതകം നടത്തിയത് 23 വയസ്സുള്ള പോളിഷ് കുടിയേറ്റക്കാരനായ ആരോൺ കോസ്മിൻസ്കിയാണെന്ന് പരിശോധനാ ഫലങ്ങൾ വെളിപ്പെടുത്തുന്നതായാണ് അദ്ദേഹം പറയുന്നത്. ‘ജാക്ക് ദി റിപ്പർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അജ്ഞാത കൊലയാളി, 1888 -നും 1891 -നും ഇടയിൽ ലണ്ടനിലെ വൈറ്റ്ചാപൽ ജില്ലയിൽ അഞ്ച് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, അവരുടെ ശരീരം വികൃതമാക്കുകയും, കൊലപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അവരിൽ ഭൂരിഭാഗവും ലൈംഗികത്തൊഴിലാളികളാണ്. എന്നാൽ, ഇരകളുടെ എണ്ണം ഇതിലും കൂടുതൽ ആയിരിക്കാം എന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. മേരി നിക്കോൾസ് (43), ആനി ചാപ്മാൻ (47), എലിസബത്ത് സ്‌ട്രൈഡ് (44), കാതറിൻ എഡോവ്‌സ് (46), മേരി ജെയിൻ കെല്ലി (25) എന്നീ അഞ്ചുസ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇവരിൽ മൂന്ന് സ്ത്രീകളുടെ ആന്തരികാവയവങ്ങൾ കൊലപാതക സമയത്ത് നീക്കം ചെയ്തിരുന്നു. കാതറിൻ എഡോവ്‌സ് കൊല്ലപ്പെട്ട സ്ഥലത്ത് ഒരു ഷാൾ കണ്ടെത്തിയതായി മനസ്സിലാക്കിയ റസ്സൽ 2007 -ൽ അത് വാങ്ങുകയും അതിൽ കണ്ടെത്തിയ ബീജത്തെ അടിസ്ഥാനമാക്കി നടത്തിയ ഡിഎൻഎ പരിശോധനയിലാണ് കൊലയാളിയെ താൻ കണ്ടെത്തിയതായി അവകാശപ്പെടുകയും ചെയ്യുന്നത്. കൊലയാളി എന്ന് റസ്സൽ വിശേഷിപ്പിക്കുന്ന ആരോൺ കോസ്മിൻസ്കി, വൈറ്റ്ചാപലിൽ ഒരു ബാർബറായിരുന്നു. കോസ്മിൻസ്കി 1885 -ൽ മാനസികരോഗത്തിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി, തുടർന്ന് ഒന്നിലധികം അഭയകേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കപ്പെട്ടു, 1919 -ൽ മരണം വരെ അവിടെ തുടർന്നു.
