ബജാജിന്‍റെ കട പൂട്ടിക്കുമോ? ഓട്ടോ ഉണ്ടാക്കാൻ കൈകോർത്ത് ഹ്യുണ്ടായിയും ടിവിഎസും!
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായി ഇന്ത്യയും ടിവിഎസ് മോട്ടോറും സംയുക്തമായി ഇലക്ട്രിക് ത്രീ വീലർ നിർമ്മിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ പുതിയ ഇലക്ട്രിക് ത്രീ-വീലർ ടിവിഎസ് നിർമ്മിക്കും. അതേസമയം അതിൻ്റെ രൂപകൽപ്പനയുടെയും എഞ്ചിനീയറിംഗിൻ്റെയും ഉത്തരവാദിത്തം ഹ്യൂണ്ടായ്‌ക്ക് ആയിരിക്കും. ഇന്ത്യയിൽ അതിവേഗം വളരുന്ന ലാസ്റ്റ് മൈൽ മൊബിലിറ്റി സെഗ്‌മെൻ്റിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ഹ്യുണ്ടായ് പദ്ധതിയിടുന്നു. ഈ ആഗ്രഹം നിറവേറ്റാൻ കമ്പനി ഇപ്പോൾ ടിവിഎസുമായി പങ്കാളിയാകാനുള്ള ചർച്ചയിലാണ് എന്നാണ് റിപ്പോട്ടുകൾ. എങ്കിലും ഈ പങ്കാളിത്തത്തെക്കുറിച്ച് ഇരു കമ്പനികളും ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും നൽകിയിട്ടില്ല. രണ്ട് ബ്രാൻഡുകളും തമ്മിലുള്ള ചർച്ചകൾ സാധ്യതയുള്ള പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അവിടെ ഒരു നിർമ്മാണ കരാറിന് കീഴിൽ ടിവിഎസ് ഈ ഇലക്ട്രിക് ത്രീ-വീലർ പ്രാദേശികമായി നിർമ്മിക്കും എന്നും റിപ്പോട്ടുകൾ പറയുന്നു. ഹ്യുണ്ടായിയുടെ മൈക്രോ-മൊബിലിറ്റി വെഹിക്കിൾ ആർക്കിടെക്ചറും ടിവിഎസുമായി പങ്കിടും. വരാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അവസാന മൈൽ മൊബിലിറ്റി കൺസെപ്‌റ്റായി അതിൻ്റെ ക്രെറ്റ ഇവിയും മറ്റ് മോഡലുകളും പ്രദർശിപ്പിക്കാൻ ഹ്യൂണ്ടായ് പദ്ധതിയിടുന്നു. അതേസമയം, ടിവിഎസും ഈ രംഗത്തേക്ക് കടക്കാൻ ഒരുങ്ങുകയാണ്. 2025ൽ സ്വന്തം ഇലക്ട്രിക് ത്രീവീലർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഹ്യൂണ്ടായ് ടിവിഎസുമായി സഹകരിച്ച് ഇലക്ട്രിക് ത്രീ വീലർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയാണെങ്കിൽ, ഹ്യൂണ്ടായി തങ്ങളുടെ ആപ്പ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമായ ഷൂക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. 2021 മാർച്ചിലാണ് ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് ഡിമാൻഡ്-റെസ്‌പോൺസീവ് റൈഡ്-പൂളിംഗ് സേവനം ഷുക്കിൾ എന്ന പേരിൽ ആരംഭിച്ചത്. ഹ്യുണ്ടായിയുടെ എഐ റിസർച്ച് ലാബ് വികസിപ്പിച്ച ഈ സേവനം ദക്ഷിണ കൊറിയയിലെ സെജോംഗ് സിറ്റിയിലെ പ്രാദേശിക ഗതാഗത വെല്ലുവിളികൾ പരിഹരിക്കുന്നതിന് തത്സമയ ഡിമാൻഡിനെ അടിസ്ഥാനമാക്കി ഫ്ലെക്സിബിൾ റൂട്ടിംഗ് നൽകുന്നു.