Entertaiment

എമ്പുരാന് മുൻപ് ലൂസിഫർ റീ റിലീസ് ചെയ്യുമോ? മനസുതുറന്ന് ആന്റണി പെരുമ്പാവൂർ

സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പ്രിത്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. എമ്പുരാൻ റിലീസിന് മുൻപ് ആദ്യ ഭാഗമായ ലൂസിഫർ വീണ്ടും തിയേറ്ററിലേക്ക് എത്തുമോ എന്ന് നിരവധി പ്രേക്ഷകരാണ് സോഷ്യൽ മീഡിയയിലൂടെ ആരാഞ്ഞത്. ഇപ്പോഴിതാ അതിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമാതാവായ ആന്റണി പെരുമ്പാവൂർ.

എമ്പുരാന് മുൻപ് ലൂസിഫർ ഒന്നുകൂടി റീ റിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ അതിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ‘ഒരു രണ്ടാഴ്ച ലൂസിഫർ തിയേറ്ററിൽ റിലീസ് ചെയ്യണം. അത് പ്രേക്ഷകർ ഒന്നുകൂടി കണ്ടിട്ട് എമ്പുരാൻ ഇറക്കണം എന്ന ഒരു ആഗ്രഹം മനസിലുണ്ട്’, ആന്റണി പെരുമ്പാവൂർ പറയുന്നു. അജയന്റെ രണ്ടാം മോഷണം എന്ന ടൊവിനോ സിനിമയുടെ സക്സസ് മീറ്റിലാണ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം പറഞ്ഞത്. എമ്പുരാൻ ഐമാക്സ് സ്‌ക്രീനുകളിലടക്കം റിലീസിനെത്തുമെന്ന സൂചനയാണ് പൃഥ്വിരാജ് നൽകുന്നത്. അങ്ങനെയെങ്കിൽ അത് കളക്ഷനെ വലിയ തോതിൽ വർധിപ്പിക്കാൻ കാരണമാകും. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button