വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കും -ആര്യാടൻ ഷൗക്കത്ത്

നിലമ്പൂര്‍: മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് ആര്യാടന് ഷൗക്കത്ത് എം.എല്‍.എ. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതും പ്രവൃത്തി തുടങ്ങി സാങ്കേതിക കാരണങ്ങളാല്‍ തടസ്സപ്പെട്ടതുമായ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് പ്രഥമ പരിഗണന. 227 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച നിലമ്പൂര്‍ ബൈപ്പാസ് നിര്‍മാണത്തിന് സാങ്കേതികാനുമതി ലഭ്യമാക്കും. ആദ്യ റീച്ച് റോഡ് നിര്‍മാണത്തിന് 35 കോടിയും അടുത്ത റീച്ചിന് 55 കോടിയും ആവശ്യമാണ്. നിലമ്പൂര്‍ ടൗണ്‍ നവീകരണം രണ്ടാം ഘട്ട പ്രവൃത്തി നടത്താന്‍ ശ്രമം നടത്തും. നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിന് നേരത്തെ അനുവദിച്ച തുക കുറച്ചതാണ് നിലമ്പൂര്‍ ടൗണ്‍ ഉള്‍പ്പെടെ റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണമായത്. നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിന് അനുവദിച്ച തുക തിരിച്ചുകിട്ടാനും, മലയോര ഹൈവേയില്‍ നിര്‍മാണം നടത്താത്ത ചന്തക്കുന്ന്-വെളിയന്തോട് റോഡ് നിര്‍മാണത്തിനും ശ്രമം നടത്തും. വന്യജീവി ശല്യം, ആദിവാസികളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ ചർച്ച ചെയ്യാന്‍ ഈ മാസം ഒമ്പതിന് പ്രത്യേക യോഗം ചേരുമെന്നും എം.എല്‍.എ അറിയിച്ചു. നിലമ്പൂര്‍ ടി.ബിയില്‍ നടന്ന അവലോകന യോഗത്തില്‍ പൊതുമരാമത്ത്, കെ.എസ്.ഇ.ബി, ജല അതോറിറ്റി, കെ.ആര്.എഫ്.ബി, ജല്‍ജീവന്‍, ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
