ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കാട്ടുപക്ഷി, 74 -ാം വയസ്സിൽ മുട്ടയിട്ട് വിസ്ഡം

ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പ്രായം കൂടിയ കാട്ടുപക്ഷി 74 -ാം വയസ്സിൽ അറുപതാം മുട്ടയിട്ടു. നാല് വർഷത്തിനിടെ ഇത് ആദ്യമായാണ് ഈ പക്ഷി മുട്ടയിടുന്നത് എന്നാണ് അമേരിക്കയിലെ വന്യജീവി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ പസഫിക്കിലുടനീളം കാണപ്പെടുന്ന നീണ്ട ചിറകുകളുള്ള കടൽപ്പക്ഷിയായ ലെയ്‌സൻ ആൽബട്രോസ് ഇനത്തിൽപ്പെട്ട പക്ഷിയാണ് ഇത്. വിസ്ഡം എന്നാണ് ഈ പക്ഷി മുത്തശ്ശിയുടെ പേര്. വന്യജീവി വിദഗ്ധർ പറയുന്നതനുസരിച്ച് ഇത് വിസ്ഡത്തിൻ്റെ അറുപതാമത്തെ മുട്ടയാണ്. ഈ സന്തോഷകരമായ വാർത്ത യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസിൻ്റെ പസഫിക് മേഖലയാണ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. റിപ്പോർട്ടുകൾ പ്രകാരം 2006 മുതൽ മുട്ടയിടാനും വിരിയിക്കാനും ആയി വിസ്‌ഡവും അവളുടെ ഇണയായ അകേകാമായിയും തുടർച്ചയായി പസഫിക് സമുദ്രത്തിലെ അറ്റോളിലേക്ക് വരുമായിരുന്നു. എന്നാൽ, ഏതാനും വർഷങ്ങളായി അകേകാമായിയെ അവളോടൊപ്പം കാണാനില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച അറ്റോളിൽ എത്തിയ വിസ്ഡം മറ്റൊരു പക്ഷിയുമായി ഇടപഴകുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വിസ്ഡത്തിൻ്റെ ഈ അറുപതാമത്തെ മുട്ടയും വിരിയുമെന്ന് തന്നെയാണ് തങ്ങൾ വിശ്വസിക്കുന്നത് എന്നാണ് മിഡ്‌വേ അറ്റോൾ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലെ സൂപ്പർവൈസറി വൈൽഡ് ലൈഫ് ബയോളജിസ്റ്റ് ജോനാഥൻ പ്ലിസ്‌നർ പ്രസ്താവനയിൽ പറയുന്നത്. എല്ലാവർഷവും ദശലക്ഷക്കണക്കിന് കടൽ പക്ഷികളാണ് മുട്ടയിടാനും തങ്ങളുടെ കുഞ്ഞുങ്ങളെ വിരിയിക്കാനും ആയി ഈ അഭയകേന്ദ്രത്തിലേക്ക് ദേശാടനത്തിനുശേഷം മടങ്ങിയെത്തുന്നത്.
ആൽബട്രോസ് പക്ഷികൾ മാറിമാറി അടയിരുന്നാണ് രണ്ടുമാസം കൊണ്ട് മുട്ട വിരിയിക്കുന്നത്. വിരിഞ്ഞ് ഏകദേശം അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷം കുഞ്ഞുങ്ങൾ കടലിലേക്ക് പറക്കുന്നു. കടലിനു മുകളിലൂടെ പറന്നും കണവ പോലുള്ള ചെറുമത്സ്യങ്ങൾ ഭക്ഷിച്ചും അവ അവയുടെ ജീവിതകാലം ചിലവഴിക്കുന്നു. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ലെയ്സൻ ആൽബട്രോസിൻ്റെ സാധാരണ ആയുസ്സ് 68 വർഷമാണ്.
