രഹസ്യ പ്ലാറ്റ്ഫോമുകൾ, 67 ട്രാക്കുകൾ, ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ സ്റ്റേഷൻ ഇതാണ്

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം, ലോകത്തിലെ ഏറ്റവും വലിയ പർവതം, എന്നിങ്ങനെ ലോകത്തിലെ ഏറ്റവും വലിയ പല സംഭവങ്ങളെപ്പറ്റിയും നമുക്ക് അറിയാമായിരിക്കും. ആരും അത്ര ശ്രദ്ധിക്കാൻ ഇടയില്ലാത്ത മറ്റൊന്നിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ സ്റ്റേഷൻ. 44 പ്ലാറ്റ്ഫോമുകളും 67 ട്രാക്കുകളും ഇതിനെല്ലാം പുറമേ രഹസ്യ പ്ലാറ്റ്ഫോമുകളും ഉള്ള ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ ടെർമിനലാണ്. ഗ്രാൻഡ് സെൻട്രൽ ടെർമിനൽ ട്രെയിനുകൾ പിടിക്കാൻ തിരക്കിട്ടോടുന്ന ന്യൂയോർക്കുകാരെ കൊണ്ട് തിരക്കേറിയ സ്ഥലമാണ് ഇത്. എന്നിരുന്നാലും, പറയപ്പെടാത്ത കഥകളുടേയും അവിശ്വസനീയമായ വാസ്തുവിദ്യാ വിസ്മയങ്ങളുടേയും നിരവധി കഥകൾ ഈ നിർമ്മിതിക്ക് പിന്നിലുണ്ട്. രണ്ട് ഭൂഗർഭ നിലകളും 44 പ്ലാറ്റ്‌ഫോമുകളും 67 ട്രാക്കുകളുമുള്ള ഗ്രാൻഡ് സെൻട്രൽ ടെർമിനൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണ് എന്നാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്രയേറെ പ്ലാറ്റ്ഫോമുകൾ ഈ റെയിൽവേ സ്റ്റേഷനിൽ ഉണ്ടെങ്കിലും അവയെല്ലാം പൊതുജനങ്ങളെ ഉദ്ദേശിച്ചുള്ളവയല്ല. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിന് താഴെയുള്ള ട്രാക്ക് 61 എന്ന മറഞ്ഞിരിക്കുന്ന പ്ലാറ്റ്‌ഫോം മുമ്പ് യുഎസ് പ്രസിഡൻ്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് നഗരത്തിൽ രഹസ്യമായി പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും ഉപയോഗിച്ചിരുന്നതാണ്. അമേരിക്കൻ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഈ ടെർമിനൽ. പത്തുവർഷം കൊണ്ടാണ് ഇതിൻറെ പണി പൂർത്തിയാക്കിയത്. 1913 -ൽ ഇത് തുറന്നു കൊടുത്തു.
