Crime

അർമേനിയയിൽ ഐസ്ക്രീം കമ്പനിയിൽ ജോലി’, നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്, യുവതിക്കും സുഹൃത്തിനുമെതിരെ പരാതി

ഏലൂർ: അര്‍മേനിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പെന്ന് പരാതി. എറണാകുളം ഏലൂര്‍ സ്വദേശിയുടെ പരാതിയില്‍ അര്‍മേനിയയിലെ യെരവാനില്‍ താമസിക്കുന്ന കെ.എസ്.സുജയ്ക്കും സുഹൃത്ത് ജോസഫിനുമെതിരെ കൊച്ചി ഏലൂര്‍ പൊലീസ് കേസെടുത്തു. അര്‍മേനിയയിലെ യെരവാനില്‍ താമസിക്കുന്ന എറണാകുളം കുന്നുകര സ്വദേശിനി സുജ കെ.എസിനും പറവൂര്‍ സ്വദേശി ജോസഫ് സല്‍മോനുമെതിരയാണ് ഏലൂര്‍ പൊലീസ് കേസെടുത്തത്.  അര്‍മേനിയയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്തെന്ന ഏലൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് കേസ്. അര്‍മേനിയയിലെ ഐസ്ക്രീം കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.  2024 ഒക്ടോബര്‍ മുതല്‍ നവംബര്‍വരെയുള്ള കാലയളവില്‍ യുവതിയില്‍ നിന്ന് രണ്ടര ലക്ഷത്തോളം തട്ടിയതായാണ് പരാതി. ടിക്കറ്റ് എടുക്കുന്നതിന് അഞ്ച് ദിവസം മുൻപ് ശരിയായ വിസയും രേഖകളും അയച്ചു തരുമെന്നും നവംബർ പകുതിയോടെ പോകാൻ തയ്യാറാകണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. വിസിറ്റിംഗ് വിസയിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് യുട്യൂബിലും മറ്റും തെരയുകയും അർമേനിയയിൽ പോയിട്ടുള്ള ഒരാളുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് പറ്റിക്കപ്പെട്ടെന്ന് വ്യക്തമായതെന്നാണ് യുവതി പറയുന്നത്.   ഏലൂര്‍ സ്വദേശിനിക്ക് പിന്നാലെ സുജയ്ക്കും സുഹൃത്തിനുമെതിരെ കൂടുതല്‍പേര്‍ പരാതിയുമായെത്തി. അതില്‍ അര്‍മേനിയയിലെത്തി ചതിയിലകപ്പെട്ടവരുമുണ്ട്. കുന്നുകര സ്വദേശിനിയുടെ കമ്പനിയിൽ ഡ്രൈവർ എന്ന് വ്യക്തമാക്കിയാണ് കൊണ്ട് പോയത്. അർമേനിയയിൽ ചെന്ന് ഒന്നര മാസത്തോളം ജോലിയുണ്ടായില്ല. വാഹനവും ഉണ്ടായില്ല. ചോദ്യം ചെയ്തപ്പോൾ ഒരു കാർ തന്നു. അത് ഓടിക്കാൻ പോലും പറ്റുന്ന കണ്ടീഷനിൽ ഉളള വാഹനം ആയിരുന്നില്ല. തിരിച്ച് പോരണം എന്ന് പറഞ്ഞപ്പോൾ അതും വൈകിപ്പിച്ചു. ഒടുവിൽ നാട്ടിൽ നിന്ന് പണം അയച്ച് നൽകിയതുകൊണ്ടാണ് തിരികെ എത്താൻ സാധിച്ചതെന്നാണ് പരാതിക്കാരിലൊരാൾ ആരോപിക്കുന്നത്.  നാല് മാസത്തോളം അര്‍മേനിയയില്‍ ചെലവിട്ടതിന്‍റെ ദുരിതവും പരാതിക്കാരില്‍ ചിലര്‍ തുറന്നുപറയുന്നുണ്ട്. എന്നാൽ താന്‍ ആരെയും ചതിച്ചിട്ടില്ലെന്നും പണം തട്ടിയെടുത്തിട്ടില്ലെന്നുമാണ് സുജയുടെയും ജോസഫിന്‍റെയും വാദം. പണമിടപാട് നടന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇരുവരെയും നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനും തുടര്‍നടപടികളിലേക്ക് നീങ്ങാനുമാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button