അച്ഛൻ മരിച്ച് വർഷങ്ങൾക്ക് ശേഷം കിട്ടിയത് 60 കൊല്ലം പഴയ പാസ്ബുക്ക്; ബാങ്ക് പൂട്ടിപ്പോയി, പക്ഷേ കോടതി തുണച്ചു

സാന്റിയാഗോ: പഴയ രേഖകളിൽ നിന്ന് ആളുകൾക്ക് അപ്രതീക്ഷിത ഭാഗ്യം കൈവരുന്ന വാർത്തകൾ പലതവണ കേട്ടിട്ടുള്ളതാണ്. ബാങ്ക് നിക്ഷേപമോ ഓഹരി നിക്ഷേപമോ ഒക്കെ നടത്തി പിന്നീട് ആ കാര്യം തന്നെ മറന്നുപോവുകയും വർഷങ്ങൾക്ക് ശേഷം പിന്നീട് അവരുടെ മക്കളോ അടുത്ത തലമുറയിലുള്ളവരോ ഒക്കെ അവ കണ്ടെത്തി ബാങ്കിനെയും കമ്പനികളെയുമൊക്കെ സമീപിച്ച് വലിയ നേട്ടങ്ങളുണ്ടാക്കുന്നതും വാർത്തയാവാറുണ്ട്. ചിലി സ്വദേശിയായ 62കാരൻ ഹിനോജോസ വീട് വൃത്തിയാക്കുമ്പോഴാണ് പഴയ കടലാസുകൾക്കൊപ്പം ഒരു ബാങ്ക് പാസ്ബുക്ക് കൂടി കൈയിൽ കിട്ടിയത്. വെറുതെ നോക്കിയപ്പോൾ അച്ഛൻ 1960-70 കാലഘട്ടത്തിൽ ഒരു ബാങ്കിൽ ഏതാണ്ട് 1.4 ലക്ഷം രൂപയ്ക്ക് തുല്യമായ തുക നിക്ഷേപിച്ചതാണ്. അച്ഛൻ മരിച്ചിട്ട് തന്നെ പത്ത് വർഷം കഴിഞ്ഞു. ഇത്തരമൊരു ബാങ്ക് നിക്ഷേപത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നതുമില്ല. പാസ്ബുക്ക് എടുത്ത് പരിശോധിച്ചപ്പോൾ അന്ന് നിക്ഷേപം നടത്തിയ ബാങ്ക് തന്നെ പൂട്ടിപ്പോയിരുന്നു. അതുകൊണ്ടുതന്നെ പഴയ പാസ്ബുക്ക് കൊണ്ട് ഇനി കാര്യമൊന്നുമില്ലെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് ബാങ്കുകൾ പൂട്ടിപ്പോയാലും നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകുമെന്ന തരത്തിലുള്ള പരാമർശങ്ങൾ അതേ പാസ്ബുക്കിൽ നിന്നുതന്നെ അദ്ദേഹത്തിന് മനസിലാക്കാനായി. ഇതോടെ പണം കിട്ടുമെന്ന പ്രതീക്ഷയായി. അധികൃതരെ സമീപിച്ച് പണം ആവശ്യപ്പെട്ടെങ്കിലും ആദ്യം അത് നിരസിക്കുകയാണ് ഉണ്ടായത്. എന്നാൽ ഇത് പിന്നീട് നിയമയുദ്ധത്തിലേക്ക് കടന്നു. ഒടുവിൽ പണം തിരികെ നൽകാൻ സർക്കാറിനോട് കോടതി ഉത്തരവിട്ടു. പലിശ സഹിതം ഏതാണ്ട് 1.2 ദശലക്ഷം ഡോളറാണ് സർക്കാർ നൽകേണ്ടി വന്നത്. ഇന്ത്യൻ രൂപയിൽ ഇത് 10.27 കോടിയിലധികം വരും ഇത്. അച്ഛൻ അധ്വാനിച്ചുണ്ടാക്കിയ പണം അപ്രതീക്ഷിതമായി കിട്ടിയ പാസ്ബുക്കിലൂടെ കൈവന്ന മകൻ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി മാറി.
