പാമ്പുകളെ വരെ വേട്ടയാടുന്ന ഭീകരൻ ചിലന്തികൾ; 30 ഇരട്ടി വലിപ്പക്കൂടുതലുള്ള ജീവികളെ പോലും വലയിലാക്കും

മരച്ചില്ലകളിലും വീടിന്റെ ജനാലകളിലും ഒക്കെ വലവിരിച്ച് ഇത്തിരി കുഞ്ഞൻ പ്രാണികളെ വലയിലാക്കുന്ന ചെറുകിട വേട്ടക്കാരായാണ് നിങ്ങൾ ചിലന്തികളെ കാണുന്നതെങ്കിൽ ആ ധാരണ തിരുത്തേണ്ട സമയമായിരിക്കുന്നു. കാരണം ഇവരുടെ കൂട്ടത്തിൽ വിദഗ്ധരായ വേട്ടക്കാർ വേറെയുമുണ്ട്. അവരുടെ കളികൾ വേറെയാണ്, കളിക്കളങ്ങളും. പാമ്പുകളാണ് ഈ ചിലന്തികളുടെ പ്രധാന ഇരകൾ. വലുപ്പത്തിൽ തങ്ങളെക്കാൾ ഏറെ വലുതാണെങ്കിലും ഇരകളെ അനായാസേന വലയിൽ കുരുക്കാനുള്ള വൈദഗ്ദ്ധ്യം ഈ പ്രാേ വേട്ടക്കാർക്ക് ഉണ്ട്. പാമ്പുകളെ മാത്രമല്ല, തങ്ങളെക്കാൾ 30 ഇരട്ടി വലിപ്പം കൂടുതലുള്ള ജീവികളെ പോലും വലയിലാക്കാൻ ഇവയ്ക്ക് ശേഷി ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. സമീപകാല ഗവേഷണ പഠനങ്ങൾ പറയുന്നത് ലോകമെമ്പാടു നിന്നും ചിലന്തികൾ പാമ്പുകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട 319 സംഭവങ്ങൾ കണ്ടെത്തിയതായാണ്. ഈ കണ്ടെത്തലുകൾ അതിശയിപ്പിക്കുന്നതാണെന്നും പഠനം സൂചിപ്പിക്കുന്നു. അൻ്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 40 -ലധികം വ്യത്യസ്ത സ്പീഷീസുകൾ 90 -ലധികം വ്യത്യസ്ത തരം പാമ്പുകളെ കൊന്നൊടുക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ചിലന്തികളുടെ കൂട്ടത്തിലെ ഈ പ്രൊ വേട്ടക്കാർ അറിയപ്പെടുന്നത് ‘ടാംഗിൾ വെബ് ചിലന്തികൾ’ എന്നാണ്. വലിപ്പത്തിൽ ഇവ ചെറുതാണെങ്കിലും തങ്ങളെക്കാൾ പതിന്മടങ്ങ് ശക്തരായ എതിരാളികളെ പോലും ഇരകളാക്കാൻ വളരെ ഫലപ്രദമായ ഒരു തന്ത്രം ഇവ പ്രയോഗിക്കുന്നു. ശക്തവും വളരെ വേഗത്തിൽ ഒട്ടിപ്പിടിക്കുന്നതുമായ വലകളാണ് ഇരകളെ കീഴ്പ്പെടുത്താൻ ഇവയെ സഹായിക്കുന്നത്. വലയിൽ കുടുങ്ങുന്ന ജീവികൾ എത്ര ശക്തനാണെങ്കിലും അത്ര വേഗത്തിൽ വല പൊട്ടിച്ച് രക്ഷപ്പെടുക സാധ്യമല്ല. വലയിൽ കുടുങ്ങുന്ന ഒരു പാമ്പ് അത് പൊട്ടിച്ച് പുറത്ത് കടക്കാൻ എത്ര കഠിനമായി ശ്രമിക്കുന്നവോ അത്രത്തോളം അത് ചിലന്തിവലയ്ക്കുള്ളിൽ കുരുങ്ങി പോകും. ഇര വലയിൽ കുരുങ്ങിയാൽ പിന്നെ ചിലന്തികൾ കാത്തിരിക്കില്ല. എത്രയും വേഗത്തിൽ അവയുടെ ശരീരത്തെ തളർത്തുന്ന അതിശക്തമായ വിഷം കുത്തിയിറക്കും. ഇത് ഇരകളുടെ നാഡീവ്യവസ്ഥയെ തളർത്തുകയും ക്രമേണ മരണത്തിലേക്ക് എത്തിക്കുകയും ചെയ്യും. വലയിൽ കുടുങ്ങുന്നത് പാമ്പാണെങ്കിൽ പിന്നെ പറയണ്ടല്ലോ, ചിലന്തികൾക്ക് ആഴ്ചകളോളം കുശാൽ. ടാംഗിൾ വെബ് ചിലന്തികളെ പോലെ തന്നെ പാമ്പുകളെ കീഴ്പ്പെടുത്താൻ ശേഷിയുള്ള ശക്തരായ മറ്റൊരു ഇനം ചിലന്തിയാണ് ടരാൻ്റുലകൾ. ഇവയ്ക്ക് വലിയ, രോമമുള്ള ശരീരവും ഭയപ്പെടുത്തുന്ന രൂപവുമുണ്ട്. വലവിരിച്ച് ഇരകളെ കീഴ്പ്പെടുത്തുന്ന ചിലന്തികളിൽ നിന്ന് വ്യത്യസ്തമായി, ടരാൻ്റുലകൾ ഇരയെ കീഴടക്കാൻ അവയുടെ ശക്തി, വേഗത, വിഷം എന്നിവയെ ആശ്രയിക്കുന്നു. ഇവ പതിയിരിക്കുന്ന വേട്ടക്കാരാണ്, അവസരം ലഭിക്കുമ്പോൾ പാമ്പുകളെ നേരിട്ട് കുത്തി കൊലപ്പെടുത്തിയാണ് വേട്ടയാടുന്നത്.
