4.57 കോടി രൂപ ലോട്ടറി അടിച്ചു, സമ്മാനത്തുക പേഴ്സ് മോഷ്ടിച്ച കള്ളന്മാരുമായി പങ്കുവച്ച് യുവാവ്

ലോട്ടറിയിലൂടെ കോടീശ്വരന്മാരായി തീർന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. ഇവരിൽ ചുരുക്കം ചിലർ മാത്രമാണ് ലഭിക്കുന്ന തുകയിൽ നിന്നും ചെറിയൊരു വിഹിതമെങ്കിലും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ തയ്യാറാവുക. എന്നാൽ, ഫ്രഞ്ചുകാരനായ ഒരാൾ ലോട്ടറി അടിച്ചപ്പോൾ ലഭിച്ച തുകയില്‍ ഒരു വിഹിതം തന്‍റെ പേഴ്സ് മോഷ്ടിച്ച കള്ളന്മാര്‍ക്ക് വീതിച്ച് നല്‍കി. ഫെബ്രുവരി 3 -നാണ്, ജീൻ ഡേവിഡ് എന്ന വ്യക്തിയുടെ നിരവധി ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ അടങ്ങിയ പേഴ്സാണ് മോഷ്ടിക്കപ്പെട്ടത്. പേഴ്സ് കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ ജീൻ അത് അന്വേഷിച്ചു തുടങ്ങി. പേഴ്സ് അന്വേഷിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ ഫോണിലേക്ക് അടുത്തുള്ള ഒരു കടയില്‍ നിന്നും എടിഎം കാർഡ് ഉപയോഗിച്ച് 4,700 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട ഒരു സന്ദേശം എത്തിയത്. ഉടൻതന്നെ ജീൻ ആ കടയിലെത്തി. അപ്പോൾ അവിടെ ക്യാഷ് കൗണ്ടറിൽ നിന്നിരുന്ന രണ്ട് വ്യക്തികൾ തന്‍റെ കാർഡ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പക്ഷേ, അവർക്ക് കാഡിന്‍റെ രഹസ്യ പിൻ നമ്പർ അറിയാത്തതിനാല്‍ പണം ട്രാൻസ്ഫർ ചെയ്യാൻ സാധിച്ചില്ല. എന്നാല്‍ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇവര്‍ അതിനിടെ ഒരു ലോട്ടറി ടിക്കറ്റ് എടുത്തിരുന്നു. കടയിലെത്തിയ ജീൻ കള്ളന്മാരുടെ കയ്യിൽ നിന്നും തന്‍റെ നഷ്ടപ്പെട്ട് പോയ വാലറ്റ് കയ്യോടെ പിടികൂടി.
യാദൃശ്ചികം എന്ന് പറയട്ടെ, ജീനിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മോഷ്ടാക്കൾ വാങ്ങിയ ലോട്ടറിക്ക് 5,25,000 ഡോളര്‍ (ഏതാണ്ട് 4.57 കോടി രൂപ) സമ്മാനം അടിച്ചിരുന്നു. പക്ഷേ, ക്രെഡിറ്റ് കാർഡ് ഉടമ നേരിട്ട് ചെന്നാൽ മാത്രമേ സമ്മാനത്തുക ലഭിക്കുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ തങ്ങൾ പിടിക്കപ്പെടുമോ എന്ന ഭയത്താൽ കള്ളന്മാർ ആ പണം കൈപ്പറ്റിയിരുന്നില്ല. ഒടുവിൽ ജീൻ തന്‍റെ വക്കീലുമായി മോഷ്ടാക്കളെ കാണുകയും അവരുമായി ലോട്ടറി ഏജൻസിയിൽ ചെന്ന് പണം കൈപ്പറ്റുകയും ചെയ്തു. ക്രെഡിറ്റ് കാർഡ് ഉടമയോടൊപ്പം, ലോട്ടറി ഏജൻസിയിൽ നിന്നും ലോട്ടറി വാങ്ങിയ വ്യക്തികൾ കൂടി നേരിട്ട് എത്തിയാൽ മാത്രമേ ഏജൻസി പണം നൽകുമായിരുന്നുള്ളൂ. ഇതുകൊണ്ട് മോഷ്ടാക്കളെ കൂടി ജീൻ തന്‍റെ ഒപ്പം കൂട്ടി. ഏതായാലും തനിക്ക് ലഭിച്ച പണത്തിന്‍റെ ഒരു വിഹിതം ജീൻ മോഷ്ടാക്കൾക്ക് കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു.
