Business

താക്കീതാണിത് താക്കീത്’, നാഴികക്കല്ലിനരികെ ബിഎസ്എന്‍എല്‍; 75000ത്തിൽ അധികം ടവറുകളില്‍ 4ജി റെഡി

തിരുവനന്തപുരം: രാജ്യത്തെ 4ജി വിന്യാസത്തില്‍ പുത്തന്‍ നാഴികക്കല്ലുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഒരുലക്ഷം 4ജി ടവറുകള്‍ ലക്ഷ്യമിടുന്ന ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഇവയില്‍ 75,000-ത്തിലധികം ഇതിനകം പൂര്‍ത്തിയാക്കി.  രാജ്യത്തെ 4ജി നെറ്റ്‌വർക്ക് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 2025 മധ്യത്തോടെ 1,00,000 പുതിയ 4ജി മൊബൈൽ ടവറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യം സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നിശ്ചയിച്ചിട്ടുണ്ട്. അടുത്തിടെ, 75,000-ത്തിലധികം സ്ഥലങ്ങളിൽ അവരുടെ 4ജി സേവനം പ്രവർത്തനക്ഷമമാണെന്ന് കമ്പനി പ്രഖ്യാപിച്ചു. 75000-ൽ അ‌ധികം 4ജി സൈറ്റുകൾ ലൈവ് ആണെന്ന് ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ അ‌റിയിച്ചതാണ് പുതിയ അപ്‌ഡേറ്റ്. ആകെ 1 ലക്ഷം സൈറ്റുകളിൽ 4ജി ടവറുകൾ സ്ഥാപിക്കാനാണ് ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ബിഎസ്എൻഎൽ കരാർ നൽകിയിരിക്കുന്നത്. ഇത് പ്രകാരം ഇനി ഏതാണ്ട് 25,000 4ജി ടവറുകൾ കൂടിയാണ് ഇനി നിർമിക്കാൻ അ‌വശേഷിക്കുന്നത്.  നിലവിൽ ലക്ഷ്യമിട്ടിരിക്കുന്ന ഒരു ലക്ഷം 4ജി സൈറ്റുകൾ എന്ന ലക്ഷ്യം പൂർത്തിയാകുന്നതിന് പിന്നാലെ 5ജി അ‌വതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ നേരത്തെ അ‌റിയിച്ചിട്ടുണ്ട്. 2025 മധ്യത്തോടെ ബിഎസ്എൻഎൽ 5ജി എത്തും എന്ന് ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ബിഎസ്എൻഎൽ അ‌ധികൃതരും ഇതിന് സമാനമായ പ്രതികരണങ്ങളാണ് നടത്തിയിട്ടുള്ളത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്‍റെ പുതിയ അപ്‌ഡേറ്റ് കണക്കിലെടുത്താൽ മെയ് മാസം 4ജി വിന്യാസം പൂർത്തിയാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞേക്കും. ഇതിന് മുൻപ് ബിഎസ്എൻഎൽ 4ജി വിന്യാസത്തിന്‍റെ പുരോഗതി സംബന്ധിച്ച പ്രഖ്യാപനം വന്നത് ഈ വർഷം ജനുവരിയിൽ ആയിരുന്നു. അ‌ന്ന് ബിഎസ്എൻഎൽ 4ജി ടവറുകളുടെ എണ്ണം 65,000 പിന്നിട്ടു എന്നാണ് അ‌ധികൃതർ അ‌റിയിച്ചത്. പരാതി പരിഹരിക്കാനും ശ്രമം അതേസമയം നിരവധി ഉപഭോക്താക്കൾ മറ്റ് സേവന ദാതാക്കളെ തേടി പോകുന്നതിനെ തുടർന്ന് ഉപഭോക്താക്കളെ നിലനിർത്താൻ കമ്പനി പാടുപെടുന്ന സമയത്താണ് ഈ വിപുലീകരണം. 2024 ഡിസംബറിലെ ട്രായിയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് ബിഎസ്എൻഎല്ലിന് ഏകദേശം 322,000 ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. ഈ നഷ്ടം നവംബറിനേക്കാൾ അൽപ്പം കുറവായിരുന്നു. നവംബറിൽ കമ്പനിക്ക് ഏകദേശം 342,000 പേർ നഷ്ടപ്പെട്ടു. ഡിസംബർ അവസാനത്തോടെ കമ്പനിക്ക് ഏകദേശം 91.7 ദശലക്ഷം വരിക്കാരുണ്ടായിരുന്നു. ഇടയ്ക്കിടെയുള്ള കോൾ ഡ്രോപ്പുകളും നെറ്റ്‌വർക്ക് പ്രശ്‌നങ്ങളും സംബന്ധിച്ച് നിരവധി ഉപഭോക്താക്കൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്,. ഇതൊരു ചെറിയ കാലയളവിലെ വളർച്ചയ്ക്ക് ശേഷം വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കി. ഈ പ്രശ്നങ്ങൾ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ബി‌എസ്‌എൻ‌എല്ലിന്റെ നെറ്റ്‌വർക്ക് വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഉപയോക്താക്കൾക്ക് വേഗതയേറിയ ഇന്‍റർനെറ്റും മികച്ച സേവനവും നൽകുന്നതിനായി കമ്പനി അതിന്‍റെ അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതി വരുത്തിയിട്ടുണ്ട്. വൈദ്യുതി തടസ്സങ്ങൾക്കിടയിലും സേവനങ്ങൾ പ്രവർത്തിക്കുന്നത് ഉറപ്പാക്കാൻ അവർ 30,000 പുതിയ ബാക്കപ്പ് ബാറ്ററികളും സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ അവരുടെ നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുന്നതിനായി 15,000ത്തിൽ അധികം പവർ പ്ലാന്‍റുകൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ്. ഈ ശ്രമങ്ങൾക്കിടയിലും, സമീപകാല വിലവർദ്ധനവ് കാരണം ഉപഭോക്താക്കളെ നിലനിർത്തുന്നതിൽ ബി‌എസ്‌എൻ‌എൽ വെല്ലുവിളികൾ നേരിടുന്നു, ഇത് നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം ഏകദേശം 300,000 വരിക്കാരുടെ നഷ്ടത്തിലേക്ക് നയിച്ചു. അതേസമയം, ഉപയോക്താക്കൾ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് മാറുന്നത് തടയാൻ ബി‌എസ്‌എൻ‌എൽ പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നത് തുടരുകയാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button