വണ്ടിയോടിക്കുന്ന ആളിന്റെ കഴുത്തില്‍ മാത്രം കുഞ്ഞു കൈകള്‍; ആലപ്പുഴയില്‍ അപകട യാത്ര നടത്തിയതിനെതിരെ നടപടി

ചേർത്തല: പിഞ്ചുകുഞ്ഞിനെ സ്കൂട്ടറിന്റ പുറകിൽ നിർത്തി അപകടയാത്ര നടത്തിയ യുവാവിനെതിരെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നടപടിയെടുത്തു. 26ന് രാത്രി 11 ന് ചേർത്തല പതിനൊന്നാം മൈൽ-ഭജനമഠം റോഡിലായിരുന്നു കുഞ്ഞുമായി അഭ്യാസ യാത്ര നടത്തിയത്. പിഞ്ചുകുഞ്ഞ് ഓടിക്കുന്ന ആളിന്റെ കഴുത്തിൽ മാത്രമായിരുന്നു പിടിച്ചിരുന്നത്. ഏതെങ്കിലും രീതിയിൽ വാഹനം കുഴിയിൽ വീഴുകയോ, പെട്ടെന്ന് ബ്രേക്ക് പിടിക്കുകയോ ചെയ്താൽ കുട്ടി തലയടിച്ച് റോഡിൽ വീഴുന്ന അവസ്ഥയിലായിരുന്നു. പുറകെ പോയ യാത്രക്കാരനായ മുട്ടത്തി പറമ്പ് സ്വദേശിയായ ജോമോൻ ജോൺ വീഡിയോ ചിത്രീകരിച്ച് മോട്ടോർ വെഹിക്കൾ ആപ്പിൽ ഓൺ ലൈൻ പരാതി നൽകി. ഇതേതുടർന്നാണ് നടപടി. വാഹന ഉടമ മദ്യപിച്ച് വാഹനം ഓടിച്ചതിൽ രണ്ട് പ്രാവശ്യം സസ്പെന്റ് ചെയ്തിരുന്നു. നിലവിൽ സസ്പെഷൻ കാലയളവിലായിരുന്നു വാഹനം ഓടിച്ചതും. ഇതെ തുടർന്ന് ഓടിച്ചാളുടെ ലൈസൻസ് ക്യാൻസൽ ചെയ്യുന്ന നടപടി സ്വീകരിക്കുമെന്ന് ആർടിഒ കെജി ബിജു പറഞ്ഞു.
