ആശ്വാസ വാർത്ത ! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി; ഇത് കളിയല്ല, വേഗം ചെയ്തോളൂ…
ദില്ലി: സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ഡിസംബർ 14 വരെ നീട്ടി. ജൂൺ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്. ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാം. നവജാതശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്‌സ് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കൂ.ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ വർദ്ധിച്ചുവരുന്ന അപകടസാധ്യതയും സർക്കാർ ഉയർത്തിക്കാട്ടുന്നുണ്ട്. പതിവ് അപ്‌ഡേറ്റുകൾ വഴി, ഗവൺമെൻ്റിന് കൃത്യവും സുരക്ഷിതവുമായ ഒരു ഡാറ്റാബേസ് നിലനിർത്താൻ കഴിയും. ഇത് ആധാർ ദുരുപയോഗത്തിൻ്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.