
കൂടുതൽ സ്കൂളുകൾ പത്തനംതിട്ടയിലും കോട്ടയത്തും കുറവ് വയനാട്ടിലും മലപ്പുറത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾ കുറഞ്ഞ സ്കൂളുകളുടെ എണ്ണത്തിൽ വൻ വർധന. 25ൽ താഴെ കുട്ടികളുള്ള സ്കൂളുകളുടെ എണ്ണത്തിലാണ് വർധന. 2023-24ൽ 961 സ്കൂളുകളാണ് 25ൽ താഴെ കുട്ടികളുള്ളവയെങ്കിൽ 2024-25ൽ ഇത് 1197 ആയാണ് വർധിച്ചത്. ഒറ്റവർഷം കൊണ്ട് 236 സ്കൂളുകളാണ് ഈ പട്ടികയിലേക്ക് വന്നത്. 25ൽ താഴെ കുട്ടികളുള്ള സ്കൂളുകളുടെ എണ്ണം ഇതാദ്യമായാണ് ആയിരം കവിയുന്നത്. സംസ്ഥാനത്ത് സ്കൂളുകളിൽ കുട്ടികൾ കൂടുന്നെന്ന സർക്കാറിന്റെ അവകാശവാദത്തിനിടെയാണ് കുട്ടികൾ കുറവുള്ള സ്കൂളുകളുടെ എണ്ണം വൻതോതിൽ കൂടിയത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോൾ അൺ എയ്ഡഡ് സ്കൂളുകളിൽ കൂടുകയായിരുന്നു. 2018-19ലും 2019-20ലും 996 സ്കൂളുകളായിരുന്നു 25ൽ താഴെ കുട്ടികളുള്ളത്. 2022-23ൽ 953 സ്കൂളുകളായിരുന്നു ഈ വിഭാഗത്തിൽ. 2016 -17 വരെ ഒരു ക്ലാസിൽ ശരാശരി 15 കുട്ടികളില്ലാത്ത സ്കൂളുകളെ അനാദായകരമായ സ്കൂളുകൾ (അൺ ഇക്കണോമിക്) എന്ന രീതിയിലാണ് പരിഗണിച്ചിരുന്നത്. ഒന്നാം പിണറായി സർക്കാർ വന്നശേഷം അൺ ഇക്കണോമിക് സ്കൂളുകൾ എന്ന രീതിയിലുള്ള പട്ടിക തയാറാക്കുന്നത് അവസാനിപ്പിച്ചു. പകരം 25ൽ താഴെ കുട്ടികളുള്ള സ്കൂളുകളുടെ പട്ടിക പ്രത്യേകമായി തയാറാക്കാൻ തുടങ്ങി. തുടക്കത്തിൽ ഈ ഗണത്തിൽ 900നും 950നും ഇടയിലായിരുന്നു സ്കൂളുകളുടെ എണ്ണമെങ്കിൽ ഇത് ക്രമേണ വർധിച്ചാണ് ഈ വർഷം 1197 ആയി വർധിച്ചത്. കുട്ടികൾ കുറവുള്ള സ്കൂളുകളിൽ 452 എണ്ണം സർക്കാർ മേഖലയിലും 745 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. ഇതിൽ പത്തിൽ താഴെ കുട്ടികളുമായി പ്രവർത്തിക്കുന്ന 34 സർക്കാർ എൽ.പി സ്കൂളുകളും 160 എയ്ഡഡ് സ്കൂളുകളും ഉൾപ്പെടും.കുട്ടികൾ കുറവുള്ള സ്കൂളുകൾ കൂടുതലുള്ളത് പത്തനംതിട്ട ജില്ലയിലാണ്; 216 എണ്ണം. കോട്ടയത്ത് 168ഉം കണ്ണൂരിൽ 148ഉം സ്കൂളുകളുണ്ട്. കുട്ടികൾ കുറവുള്ള എയ്ഡഡ് സ്കൂളുകൾ കൂടുതലുള്ളതും പത്തനംതിട്ടയിലാണ്; 152. കണ്ണൂരിൽ 122ഉം. സർക്കാർ മേഖലയിൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ കൂടുതലുള്ളത് കോട്ടയത്താണ്; 71 എണ്ണം. പത്തനംതിട്ടയിൽ 64ഉം ആലപ്പുഴയിൽ 50ഉം സ്കൂളുകളുണ്ട്. ഏറ്റവും കൂടുതൽ സ്കൂളുകളുള്ള മലപ്പുറം ജില്ലയിൽ (1571 എണ്ണം) കുട്ടികൾ കുറവുള്ള സ്കൂളുകളുടെ എണ്ണം സർക്കാർ മേഖലയിലെ മൂന്നും എയ്ഡഡ് മേഖലയിൽ ഏഴും ഉൾപ്പെടെ പത്താണ്.
