
ദില്ലി: ഒരേ കെട്ടിടത്തിലെ വാടകക്കാർക്കിടയിൽ ശുചി മുറി വൃത്തിയാക്കുന്നതിനേ ചൊല്ലി തർക്കം. 18കാരനാണ് വാക്കേറ്റത്തിനിടെ കുത്തേറ്റ് മരിച്ചത്. ദക്ഷിണ ദില്ലിയിലെ ഗോവിന്ദാപുരിക്ക് സമീപത്ത് ആക്രി കച്ചവടം ചെയ്തിരുന്ന സുധീറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് വാടകക്കാർക്കിടയിൽ വാക്കുതർക്കമുണ്ടായത്. ഗോവിന്ദാപുരിയിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൽ പൊതുശുചിമുറിയാണ് ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച ആളുകൾ ഫ്ലഷ് ചെയ്യാറില്ലെന്ന് വാടകക്കാർക്കിടയിൽ പരാതി പതിവായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അയൽവാസിയുടെ മകൻ ശുചിമുറി ഉപയോഗിച്ചതിന് ശേഷം ഫ്ലഷ് ചെയ്തിരുന്നില്ല. ഇതിനേ ചൊല്ലി വാടകക്കാർക്കിടയിൽ തർക്കം ഉടലെടുക്കുകയും ഇത് കയ്യേറ്റത്തിലും കത്തിക്കുത്തിലും അവസാനിക്കുകയായിരുന്നു. ഉത്തർ പ്രദേശ് സ്വദേശിയായ സുധീർ മൂവായിരം രൂപ മാസ വാടക നൽകിയാണ് ഇവിടെ താമസിച്ചിരുന്നത്. ഇവിടെ ഇയാൾക്കൊപ്പം സഹോദരി ഭർത്താവാണ് താമസിച്ചിരുന്നത്. സംഭവത്തിൽ അറസ്റ്റിലായി ഭികാം സിംഗ് 45 ദിവസങ്ങൾക്ക് മുൻപാണ് ദില്ലിയിലേക്ക് എത്തിയത്. ഗോവിന്ദാപുരിയിലുള്ള കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടയിലെ ജോലിക്കാരനാണ് ഇയാൾ. ഇരുവീട്ടുകാരും തമ്മിൽ കയ്യേറ്റത്തിനിടെ അടുക്കളയിൽ പെരുമാറിയിരുന്ന കത്തി ഉപയോഗിച്ചാണ് 18കാരന് കുത്തേറ്റത്. നെഞ്ചിൽ കത്തി തറച്ച നിലയിലാണ് യുവാവിനെ വെള്ളിയാഴ്ച രാത്രി 11.30 ഓടെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ കഴുത്തിലും നെറ്റിയിലും കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കുകളുണ്ട്. ഭികാം സിംഗിന്റെ വയോധികയായ അമ്മയ്ക്കും അക്രമത്തിനിടയിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഭികാം സിംഗിനേ ഭാര്യയും മൂന്ന് കുട്ടികളും അടക്കമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സുധീറിന്റെ സഹോദരി ഭർത്താവ് പ്രേം ഇവരുടെ സുഹൃത്തായ സാഗർ എന്നിവർ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലാണുള്ളത്. സംഭവത്തിൽ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പൊലീസ് എടുത്തിട്ടുള്ളത്.
