
മലപ്പുറം: ലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിമാറ്റി ഒട്ടിച്ചു കൊണ്ടുള്ള തട്ടിപ്പ് വ്യാപകമാവുന്നു. വഴിയോരങ്ങളിലും മറ്റും ലോട്ടറി വില്‍ക്കുന്ന പാവം കച്ചവടക്കാരാണ് തട്ടിപ്പിന് ഇരകളാവുന്നത്. മലപ്പുറം കുന്നുമ്മലിലെ ലോട്ടറി കച്ചവടക്കാരൻ എ പി രാമകൃഷ്ണനെ പറ്റിച്ച് തട്ടിയെടുത്തത് അയ്യായിരം രൂപയാണ്. തമിഴ്‌നാട്ടുകാരനായ രാമകൃഷ്ണൻ കഴിഞ്ഞ 50 വര്‍ഷത്തിലധികമായി മലപ്പുറത്താണ് താമസം. മരപ്പണിയും മറ്റ് കൂലിതൊഴിലുകളും ചെയ്തിരുന്ന രാമകൃഷ്ണൻ അഞ്ച് വര്‍ഷമായി ലോട്ടറി വിൽപ്പനക്കാരനാണ്. മലപ്പുറത്ത് കെട്ടിയുണ്ടാക്കിയ പെട്ടിക്കടയിലാണ് ലോട്ടറികച്ചവടം. അവസാനത്തെ നാലക്ക നമ്പറിലാണ് രാമകൃഷ്ണനെ പറ്റിച്ചത്. സമ്മാനം കിട്ടിയ ടിക്കറ്റിന്‍റെ അവസാനത്തെ നാലക്ക നമ്പർ സമ്മാനം ഇല്ലാത്ത ടിക്കറ്റിൽ മനസിലാകാത്ത വിധത്തിൽ ഒട്ടിച്ച് വച്ചായിരുന്നു തട്ടിപ്പ്. ഈ നമ്പർ പ്രാഥമികമായി പരിശോധിച്ച് രാമകൃഷ്ണൻ അയ്യായിരം രൂപ സമ്മാനം നൽകി. പിന്നീട് ടിക്കറ്റ് ലോട്ടറി ഓഫീസിൽ കൊടുത്തപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് രാമകൃഷ്ണൻ അറിഞ്ഞത്. കഴിഞ്ഞദിവസം വീണ്ടും രാമകൃഷ്ണനെ പറ്റിക്കാനായി ഒരാളെത്തി, കഷ്ട്ടിച്ചാണ് രക്ഷപെട്ടത്.രാമകൃഷ്ണൻ മാത്രമല്ല നിരവധി പാവപ്പെട്ട ലോട്ടറി വിൽപ്പനക്കാര്‍ ഇത്തരം തട്ടിപ്പിന്‍റെ ഇരകളാവുന്നുണ്ട്.
