CrimeNational

അമ്മക്കൊപ്പം സ്കൂൾബസ് കാത്തുനിൽക്കുന്നതിനിടെ മുളകുപൊടിയെറിഞ്ഞ് 6 വയസുകാരനെ തട്ടിക്കൊണ്ടുപോയി, സംഭവം ഗ്വാളിയറിൽ

ഗ്വാളിയർ: രാവിലെ സ്കൂളിൽ പോകാൻ അമ്മയ്ക്കൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്ന ആറ് വയസുകാരനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. അമ്മയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകൽ. ഇന്ന് രാവിലെ ഗ്വാളിയർ സിറ്റിയിലെ മൊറാൽ ഏരിയയിലായിരുന്നു സംഭവം. പഞ്ചസാര വ്യാപാരിയായ രാഹുൽ ഗുപ്ത എന്നയാളുടെ മകനെയാണ് തട്ടിക്കൊണ്ടു പോയത്.  ബൈക്കിലെത്തിയ രണ്ട് പേർ ഇവരുടെ വീടിന് അടുത്ത് വാഹനം നിർത്തി. പിന്നിലിരുന്ന ഒരാൾ ഇറങ്ങിവന്ന് കുട്ടിയുടെ അമ്മയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കുട്ടിയെ എടുത്ത് ബൈക്കിൽ ഇരുത്തുകയായിരുന്നു. രണ്ടാമൻ ഈ സമയമത്രയും ബൈക്ക് സ്റ്റാർട്ട് ചെയ്ത് തയ്യാറായി നിന്നു. കുട്ടിയെ രണ്ട് പേർക്കും ഇടയിൽ ഇരുത്തിയതും ഓടിച്ച് പോവുകയായിരുന്നു. പരിസരത്തെ ഒരു സിസിടിവി ക്യാമറയിൽ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്. രാവിലെ 8.10ഓടെയായിരുന്നു തട്ടിക്കൊണ്ട് പോകലെന്ന് ഗ്വാളിയർ സോണൽ ഐജി അരവിന്ദ് സക്സേന പറ‌ഞ്ഞു. തട്ടിക്കൊണ്ട് പോയവരെക്കുറിച്ചോ കുട്ടിയെ രക്ഷിക്കാൻ സാധിക്കുന്നതോ ആയ എന്തെങ്കിലും വിവരം നൽകുന്നവർക്ക് 30,000 രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. രാവിലെ പതിവുപോലെ അമ്മയ്ക്കൊപ്പം കുട്ടി സ്കൂൾ ബസ് കാത്തു നിൽക്കുമ്പോഴായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചസാരയുടെ മൊത്ത വ്യാപാരിയായ തനിക്ക് ഇതുവരെ ആരിൽ നിന്നും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടോ മറ്റോ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button