7 കോടി വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം; എന്ത് കൊണ്ട് ഒരിക്കലും വിരിയാതിരുന്നെന്ന് അത്ഭുതപ്പെട്ട് ശാസ്ത്രജ്ഞർ

യുഎസിലെ മിസോറിയില്‍ നിന്നും ഭൂമിയിലെ ജീവസ്പന്ദനത്തിന്‍റെ ഏറ്റവും പഴക്കമേറിയ ഒരു കണ്ടെത്തല്‍ നടന്നു. 7 കോടി വര്‍ഷം പഴക്കമുള്ള ഒരു ദിനോസര്‍ ഭ്രൂണത്തിന്‍റെ കണ്ടെത്തലായിരുന്നു അത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള ദിനോസര്‍ ഭ്രൂണങ്ങളിലൊന്നാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയില്‍ ദിനോസറുകളുടെ ചരിത്രത്തിലേക്കും ആധുനിക പക്ഷി വര്‍ഗ്ഗങ്ങളായുള്ള അവയുടെ പരിണാമത്തിലേക്കുമുള്ള വളര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. ഇതിന് മുമ്പ് മിസോറിയില്‍ നിന്നും കാര്യമായ ദിനോസര്‍ ഫോസിലുകൾ കണ്ടെത്തിയിട്ടില്ലെന്നത് പുതിയ കണ്ടെത്തലിന്‍റെ പ്രാധാന്യം കൂട്ടുന്നു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പ്രദേശം തീരദേശത്തിന്‍റെ ഭാഗമായിരുന്നിരിക്കാമെന്നാണ് ഗവേഷകരുടെ കണക്ക് കൂട്ടൽ. ഇതാകാം മുട്ട ഇത്രയേറെക്കാലം സുരക്ഷിതമായി സംരക്ഷിക്കപ്പെടാന്‍ കാരണം. അതേസമയം ഭൂമിയുടെ അവശിഷ്ടപാളികൾക്കിടയില്‍ നിന്നും കണ്ടെത്തിയതിനാല്‍ ഭ്രൂണം കേടുകൂടാതെയിരിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അതിന്‍റെ ഘടനയെ കുറിച്ചും അത് വിരിയുന്നതിനുള്ള സാധ്യതകളെ കുറിച്ചും പഠിക്കാന്‍ പാലിയന്‍റോളജിസ്റ്റുകൾക്ക് കൂടുതല്‍ സാധ്യതയാണ് തുറന്ന് നല്‍കിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. മുട്ടയ്ക്കുള്ളിലെ ഭ്രൂണം ചുരുണ്ടിരിക്കുന്ന അവസ്ഥയിലാണ്. സുഖമമായി വിരിയുന്നതിന് മുമ്പ് മുട്ടകളില്‍ കാണപ്പെടുന്ന ‘ടക്കിംഗ്’ എന്ന അവസ്ഥയ്ക്ക് സമാനമാണ് ഇത്. ചില ദിനോസറുകളുടെ മുട്ടകൾ വിരിയുന്നതിന് മുമ്പ് സമാനമായ രീതികൾ പ്രകടിപ്പിച്ചിരിക്കാമെന്നും അത് ദിനോസറുകളും പക്ഷികളും തമ്മിലുള്ള പരിണാമ ബന്ധത്തെ അടയാളപ്പെടുത്തുന്ന ശക്തമായ തെളിവാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇത്രയും കാലമായിട്ടും ഭ്രൂണം എന്തുകൊണ്ട് വിരിഞ്ഞില്ല എന്നതിന്‍റെ കാരണം തേടുകയാണ് ഗവേഷകരെന്ന് റിപ്പോർട്ടുകൾ പറയുന്നു. Read More: ആനകളെ വേട്ടയാടിയ, 3 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ആദ്യകാല വേട്ടക്കാരന്‍റെ തലയോട്ടി കണ്ടെത്തി പാരിസ്ഥിതിക മാറ്റങ്ങൾ, വേട്ടയാടൽ, അല്ലെങ്കിൽ അതിന്‍റെ സ്വാഭാവിക വിരിയലിനെ തടസപ്പെടുത്തുന്ന മറ്റെന്തെങ്കിലും കാരണം കൊണ്ടാകാം മുട്ട വിരിയാതിരുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. നന്നായി സംരക്ഷിച്ചപ്പെട്ട ഫോസിലൈസ് ചെയ്ത ഒരു മുട്ട കണ്ടെത്തുകയെന്നാല്‍ അതിന് കോടികളിലൊരു സാധ്യതമാത്രമേയുള്ളൂ. കാരണം മുട്ടകൾ ഫോസിലൈസ് ചെയ്യപ്പെടാനുള്ള സാധ്യതക്കുറവ് തന്നെ. പുതിയ കണ്ടെത്തല്‍ അതിപ്രാചീന ഭൂമിയിലെ ജീവി വര്‍ഗ്ഗങ്ങളിലേക്കും ദിനോസറുകളും പക്ഷികളും തമ്മിലുള്ള പരിണാമത്തെ കുറിച്ചും പുതിയ വെളിപ്പെടുത്തലുകൾ നടത്തുമെന്ന വിശ്വാസത്തിലാണ് ഗവേഷകര്‍. Read More: കശ്മീര്‍ താഴ്വാരയിൽ കണ്ടെത്തിയത് നാല് ലക്ഷം പഴക്കമുള്ള ആനയുടെ ഫോസില്‍; വേട്ടയ്ക്ക് ഉപയോഗിച്ചത് കല്ലായുധം ഇതിന് മുമ്പ് 2021-ലാണ് ഒരു സംരക്ഷിത ഫോസിലൈസ് ചെയ്ത ദിനോസർ ഭ്രൂണം ആദ്യമായി കണ്ടെത്തുന്നത്. ആറ് കോടി അറുപത് ലക്ഷം വര്‍ഷം പഴക്കമുള്ള ഈ ഭ്രൂണം, തെക്കൻ ചൈനയിലെ ഗാൻഷൗവിൽ നിന്നുമാണ് കണ്ടെത്തിയത്. ‘യിംഗ്ലിയാങ് ബീബെയ്’ (ബേബി യിംഗ്ലിയാങ്) എന്നാണ് ഈ ഭ്രൂണത്തിന് നല്‍കിയ പേര്. ബേബി യിംഗ്ലിയാങ് ആധുനീക പക്ഷികളുമായി അടുത്ത് ബന്ധമുള്ള ഒരു തരം തൂവലുകളുള്ള തെറോപോഡാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു.
