
കൊല്ലം: മുഖം മൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് കരുനാഗപ്പള്ളിയിൽ കൊല്ലപ്പെട്ട സന്തോഷിൻ്റെ അമ്മ ഓമന. വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞായിരുന്നു ആക്രമണം. ഇതിന് മുമ്പും വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. രണ്ട് തവണ ശബ്ദം കേട്ടിരുന്നു. മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചിട്ടും അക്രമികൾ പിന്മാറിയില്ലെന്നും അമ്മ ഓമന പറഞ്ഞു. അക്രമികൾ മുഖംമൂടി ധരിച്ചാണ് വീട്ടിലെത്തിയത്. വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വെച്ചാണ് അക്രമി സംഘം സന്തോഷിനെ കൊലപ്പെടുത്തിയത്. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘം വീട്ടിൽ കയറി വെട്ടുകയായിരുന്നു. 2014-ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സന്തോഷിൻ്റെ കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാർന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കൊല്ലത്ത് ഓച്ചിറ വവ്വാക്കാവിൽ അനീറെന്ന യുവാവിനേയും വെട്ടിക്കാലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
