സ്പാം കോളുകൾക്ക് പൂട്ട്, 1.75 ലക്ഷം നമ്പറുകൾ ബ്ലോക്ക് ചെയ്തു; വ്യാജ കോളുകൾ ചക്ഷു പോർട്ടലിൽ റിപ്പോർട്ട് ചെയ്യാം

രാജ്യത്തുടനീളമുള്ള ഏകദേശം 1.75 ലക്ഷം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്ത് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT). വഞ്ചനാപരമായ മാർക്കറ്റിംഗ് കോളുകളും നിയമ വിരുദ്ധമായ ടെലികമ്മ്യൂണിക്കേഷൻ പ്രവർത്തനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)യുടെ പുതിയ ആന്റി-സ്പാം നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ട്രായിയുടെ പുതിയ അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻസ് (യുസിസി) നിയമങ്ങൾ പ്രകാരമാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനായി, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ ഒരു ആന്റി-സ്പാം കാമ്പയിൻ ആരംഭിച്ചു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സഞ്ചാര്‍ സതി പോർട്ടൽ വഴിയാണ് ആളുകൾ ഈ നമ്പറുകളെക്കുറിച്ച് പരാതിപ്പെട്ടത്. ഈ നമ്പറുകൾ ഉപയോഗിച്ചിരുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അവരുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴിയാണ് ഈ വിവരം നൽകിയിരിക്കുന്നത്. 1.75 ലക്ഷം നേരിട്ടുള്ള ഇൻവേഡ് ഡയലിംഗ് അഥവാ ഡിഐഡി, ലാൻഡ്‌ലൈൻ നമ്പറുകൾ ബ്ലോക്ക് ചെയ്‌തതായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പോസ്റ്റിൽ പറഞ്ഞു. വ്യാജ മാർക്കറ്റിംഗ് കോളുകൾ വിളിക്കാൻ ഈ നമ്പറുകൾ ഉപയോഗിച്ചിരുന്നു. കൂടാതെ, ഈ നമ്പറുകൾ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരുന്നതായും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പറയുന്നു. ഉപയോക്താക്കൾക്ക് സ്‍പാം കോളുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമായ ചക്ഷു പോർട്ടൽ വഴി പൊതുജന പങ്കാളിത്തത്തോടെയാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഈ വലിയ നടപടി ആരംഭിച്ചത്. ഒന്നിലധികം പരാതികളെ തുടർന്ന്, അനധികൃത മാർക്കറ്റിംഗിനും വഞ്ചനയ്ക്കും ഉപയോഗിക്കുന്ന ആയിരക്കണക്കിന് ഡയറക്ട് ഇൻവേർഡ് ഡയലിംഗ് (ഡിഐഡി), ലാൻഡ്‌ലൈൻ നമ്പറുകൾ ഡിഒടി കണ്ടെത്തി ബ്ലോക്ക് ചെയ്തു. കൂടാതെ, അത്തരം നമ്പറുകൾ ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകുകയും ലംഘനങ്ങൾക്ക് കനത്ത പിഴയും ഡിവൈസുകൾ കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള കർശന ശിക്ഷകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഒടിയുടെ കണക്കനുസരിച്ച് ഈ ബ്ലോക്ക് ചെയ്ത നമ്പറുകൾ 0731, 079, 080 മുതലായവയിൽ നിന്നാണ് ആരംഭിച്ചത്. പിആർഐ, ലീസ്‍ഡ് ലൈൻ, ഇന്റർനെറ്റ് ലീസ്‍ഡ് ലൈൻ, എസ്ഐപി, ഐപിഎൽസി തുടങ്ങിയവ വ്യാജ കോളുകൾ ചെയ്യുന്നവർ ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തി. പൊതുജന സഹായത്തോടെ, ഈ നമ്പറുകൾ യുസിസിയുടെ കീഴിൽ ചക്ഷു പോർട്ടലിൽ റിപ്പോർട്ട് ചെയ്തു. പരാതികളുടെ അടിസ്ഥാനത്തിൽ, ഈ നമ്പറുകളിൽ നിന്നുള്ള ആശയവിനിമയങ്ങൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പരിശോധിച്ചു. തുടർന്നാണ് അവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇത്തരം പ്രൊമോഷണൽ കോളുകൾ വിളിക്കുന്നതിനുള്ള നിയമങ്ങൾ പാലിക്കണമെന്ന് ടെലികോം വകുപ്പ് സംരംഭങ്ങളോട് ആവശ്യപ്പെട്ടു. ട്രായിയുടെ പുതിയ നിയമങ്ങൾ അനുസരിച്ച്, ഈ പ്രൊമോഷണൽ കോളുകൾ യുയുസിയുടെ കീഴിൽ വരുന്നതാണ്. അതിനാൽ അവരുടെ നമ്പറുകൾ ബ്ലോക്ക് ചെയ്യുന്നതിനും അവയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടുകെട്ടുന്നതിനും വ്യവസ്ഥയുണ്ട്. ഇതുമാത്രമല്ല, കമ്പനികൾക്ക് കനത്ത പിഴയും ചുമത്താം. ഒരു വ്യാജ കോൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം? നിങ്ങളുടെ നമ്പറിലേക്ക് എന്തെങ്കിലും പ്രൊമോഷണൽ അല്ലെങ്കിൽ വ്യാജ കോളുകൾ ലഭിക്കുകയാണെങ്കിൽ, ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ചക്ഷു പോർട്ടലിൽ നിങ്ങൾക്ക് അതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാം. ഇതിനായി നിങ്ങൾ സഞ്ചാര്‍ സാത്തി ഓൺലൈൻ പോർട്ടലോ ആപ്പോ ഉപയോഗിക്കണം. നിങ്ങൾ പോർട്ടലിലേക്കോ ആപ്പിലേക്കോ നാവിഗേറ്റ് ചെയ്താൽ നിങ്ങൾക്ക് ചക്ഷു ഓപ്ഷൻ കാണാം. ഇതിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യാം.
