സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിൽ രാജസ്ഥാനെ മലര്‍ത്തിയടിച്ച് ഡൽഹി; 2 പന്തുകൾ ബാക്കിയാക്കി ആവേശ ജയം

ദില്ലി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ 2 പന്തുകൾ ബാക്കി നിർത്തി ഡൽഹി വിജയലക്ഷ്യം മറികടന്നു. സൂപ്പര്‍ ഓവറിൽ 12 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്ക് വേണ്ടി കെ.എൽ രാഹുൽ 7 റൺസുമായും ട്രിസ്റ്റൻ സ്റ്റബ്സ് 6 റൺസുമായും പുറത്താകാതെ നിന്നു. സൂപ്പര്‍ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി റിയാൻ പരാഗും ഷിമ്രോൺ ഹെറ്റ്മെയറുമാണ് ഇറങ്ങിയത്. അവസാന ഓവറിൽ തകര്‍പ്പൻ പ്രകടനം കാഴ്ചവെച്ച മിച്ചൽ സ്റ്റാര്‍ക്കാണ് ഡൽഹിയ്ക്ക് വേണ്ടി സൂപ്പര്‍ ഓവറിൽ ബൗൾ ചെയ്തത്. മൂന്നാം പന്തിൽ പരാഗും നാലാം പന്തിൽ യശസ്വി ജയ്സ്വാളും റണ്ണൗട്ടായതാണ് ഡൽഹിയ്ക്ക് തിരിച്ചടിയായത്. ഒരു പന്ത് ബാക്കിയാക്കിയാണ് രാജസ്ഥാൻ ഡൽഹിയ്ക്ക് മുന്നിൽ 12 റൺസ് വിജയലക്ഷ്യം വെച്ചത്. മറുപടി ബാറ്റിംഗിൽ സന്ദീപ് ശര്‍മ്മയുടെ നേരിട്ട ആദ്യ പന്തിൽ തന്നെ 2 റൺസ് നേടി കെ.എൽ രാഹുൽ ഡൽഹിയ്ക്ക് പ്രതീക്ഷ നൽകി. തൊട്ടടുത്ത പന്തിൽ ബൗണ്ടറി നേടിയ രാഹുൽ മൂന്നാം പന്തിൽ സിംഗിൾ നേടി സ്ട്രൈക്ക് ട്രിസ്റ്റൺ സ്റ്റബ്സിന് കൈമാറി. ഇതോടെ മൂന്ന് പന്തിൽ ജയിക്കാൻ 5 റൺസ്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പായിച്ച് സ്റ്റബ്സ് ഡൽഹിയുടെ വിജയം ഉറപ്പിച്ചു. ജയത്തോടെ പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. രാജസ്ഥാൻ 8-ാം സ്ഥാനത്ത് തുടരുകയാണ്.
