Sports

ചരിത്രം കുറിച്ച് സഞ്ജു! സെഞ്ചുറിക്ക് പിന്നാലെ ലോക റെക്കോര്‍ഡ്! രോഹിത്തിന് പോലുമില്ലാത്ത നേട്ടം

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയതോടെ സഞ്ജു സാംസണ്‍ ചില റെക്കോര്‍ഡുകളും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ 56 പന്തുകള്‍ നേരിട്ട സഞ്ജു 109 റണ്‍സാണ് നേടിയത്. ഒമ്പത് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. സഞ്ജുവിന് പിന്നാലെ തിലക് വര്‍മയും (120) സെഞ്ചുറി നേടിയിരുന്നു. ഇരുവരുടെ ബാറ്റിംഗ് കരുത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ടി20 കരിയറില്‍ സഞ്ജുവിന്റെ മൂന്നാം ടി20 സെഞ്ചുറിയാണിത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനും സഞ്ജുവായി. സെഞ്ചുറിയോടെ ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു തന്നെ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടാണ് ആദ്യതാരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യം താരം കൂടിയാണ് സഞ്ജു. കൂടാതെ, ടി20യില്‍ ഇന്ത്യക്കായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.  ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായി സഞ്ജു മാറി. ആദ്യമായിട്ടാണ് ഐസിസി മുഴുവന്‍ അംഗത്വമുള്ള ഒരു ടീമിന്റെ രണ്ട് ബാറ്റര്‍മാര്‍ ഒരു ടി20 ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടുന്നത്.ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സഞ്ജു – അഭിഷേക് സഖ്യം ഒന്നാം വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 18 പന്തുകള്‍ നേരിട്ട അഭിഷേഖ് നാല് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. അഭിഷേക് പോയെങ്കിലും സഞ്ജു-തിലക് സഖ്യം വെടിക്കെട്ട് തുടര്‍ന്നു. തിലകായിരുന്നു കൂടുതല്‍ ആക്രമണോത്സുകത കാണിച്ചത്. സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റിംഗ് തുടര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button